ഞാനും ടൊവീനോയും ഇപ്പോൾ ചെറിയ പിണക്കത്തിലാണ്: തുറന്നു പറഞ്ഞ് ലിസ്റ്റിൻ
Friday, January 31, 2025 3:02 PM IST
അജയന്റെ രണ്ടാം മോഷണം സിനിമയുടെ അന്യഭാഷ പതിപ്പുകളുടെ റിലീസുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ ടൊവീനോ തോമസിനോട് ക്ഷമ പറഞ്ഞ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.
അജയന്റെ രണ്ടാം മോഷണം സിനിമ മറ്റ് ഭാഷകളിൽ കുറച്ചു കൂടി വലിയ രീതിയിൽ പ്രമോട്ട് ചെയ്യണമെന്നും റിലീസ് ചെയ്യണമെന്നും ടൊവീനോ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ ചില പ്രതിസന്ധികളാൽ ഇത് നടക്കാതെ പോയി. ഈ വിഷയത്തിൽ ടൊവീനോയ്ക്കു തന്നോടു പിണക്കമുണ്ടായെന്നും ഇക്കാര്യത്തിൽ ടൊവീനോയുടെ ക്ഷമ ചോദിക്കുന്നുവെന്നും ലിസ്റ്റിൻ പറഞ്ഞു. ‘എആർഎം’ സിനിമയുടെ വിജയാഘോഷവേളയിലാണ് ലിസ്റ്റിൻ ഇക്കാര്യം തുറന്നു പറഞ്ഞത്.
താൻ നിസാരകാര്യങ്ങൾക്ക് പിണങ്ങിയാലും ഒന്നുരണ്ടു ദിവസം കഴിയുമ്പോൾ പിണങ്ങിയതെന്തിനാണെന്ന് പോലും മറന്നുപോകുമെന്നാണ് ലിസ്റ്റിൻ സ്റ്റീഫന് മറുപടിയായി ടൊവീനോ പറഞ്ഞത്.
“സിനിമകൾ ആകുമ്പോൾ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ എപ്പോഴും സ്വാഭാവികമാണ്. ഞാനും ടൊവിയും ഇപ്പോൾ ചെറിയ പിണക്കത്തിലാണ്. ചെറിയ ചെറിയ കുട്ടി കാര്യങ്ങൾക്ക് ചിലപ്പോൾ ടൊവി പിണങ്ങും. സിനിമയോട് അത്രയും പാഷൻ ഉള്ള ഒരാളാണ് ടൊവി.
ഒരു ഈഗോയും നോക്കാതെ പെരുമാറുന്ന ആളാണ്. എന്റെ കുട്ടിയുടെ ഒരു പരിപാടിക്ക് വിളിച്ചപ്പോൾ വൈകുന്നേരം ഏഴിന് നടക്കുന്ന പരിപാടിക്ക് അഞ്ചായപ്പോൾ വിളിച്ചപ്പോൾ വന്ന ആളാണ്.
ഉച്ചയ്ക്ക് എന്റെ സിഫാ എന്ന് സ്കൂളിന്റെ പ്രോഗ്രാം നടന്നപ്പോൾ ഒന്നിന് നടക്കുന്ന പരിപാടിക്ക് 12:30ക്ക് വിളിച്ചപ്പോൾ വന്ന ഒരാളാണ് ടൊവീനോ. അതുകൊണ്ടിട്ട് ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം സിനിമയ്ക്കുള്ളിൽ മാത്രമാണെന്ന് ഞാൻ ടൊവീനോയോട് വീണ്ടും പറയുകയാണ്.
ഞാൻ ഇത് എന്തുകൊണ്ടാണ് ഷെയർ ചെയ്യുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മൾ എല്ലാവർക്കും എല്ലാം ഭയങ്കര ആഗ്രഹങ്ങളുണ്ട്. എന്റെ ഒരു സിനിമ ഏറ്റവും ബെസ്റ്റ് ആക്കാനേ ഞാൻ നോക്കുകയുള്ളൂ. നമ്മുടെ ഒരു സിനിമ പല ഭാഷകളിൽ പലതായി ഭയങ്കര പബ്ലിസിറ്റിയോട് കൂടി വേറെ ലെവലിൽ വരണമെന്നുണ്ടായിരുന്നു.
അത് അങ്ങനെ വന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല, എന്നെക്കൊണ്ട് ചിലപ്പോൾ അത്രയും എത്തിക്കാൻ സാധിച്ചു കാണില്ല. അത് അങ്ങനെ ആണെങ്കിൽ ടൊവീനോട് ഞാൻ സോറി പറയുകയാണ്, ഒന്നും തോന്നരുത്.
അത്രയും ആഗ്രഹമുള്ള ആളാണ് ടൊവി. ടൊവിയോട് സംസാരിക്കുമ്പോൾ അറിയാം ടൊവി അത്രയും എക്സൈറ്റഡ് ആയിട്ടാണ് ഈ സിനിമയെ പറ്റി പറഞ്ഞത്. ഒരു റോൾ ചെയ്യണമെങ്കിൽ തന്നെയും ഭയങ്കര പാടാണ്, ടൊവി ഈ സിനിമയിൽ മൂന്ന് റോൾ ചെയ്തിട്ടുണ്ട്.
വ്യത്യസ്തമായ റോളുകൾ ആണ് ചെയ്തത്. ടൊവി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ടൊവീനോ തോമസ് എന്ന് പറയുന്ന ഒരു ഹീറോ അല്ലാതെ വേറെ ഏത് ഹീറോ ആണെങ്കിലും 140 ദിവസം ഷൂട്ട് ചെയ്ത ഈ സിനിമ ഒരു 175-200 ദിവസം ആയി പോകുമായിരുന്നു എന്ന് എനിക്ക് നൂറു ശതമാനം ബോധ്യമുണ്ട്. അതുകൊണ്ട് ആ ഒരു നന്ദിയും ടൊവീനോയോട് ഞാൻ ഈ അവസരത്തിൽ രേഖപ്പെടുത്തുകയാണ്.” ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
‘‘ഞാൻ ആളുകളോട് പിണങ്ങുന്നത് ചിലപ്പോൾ നിസാര കാര്യങ്ങൾക്ക് ആയിരിക്കാം പക്ഷേ അത് അത്രയും തന്നെ നിസാര പിണക്കങ്ങളായി തന്നെ കണക്കാക്കേണ്ടതാണ് എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
ഞാനത് ചിലപ്പോൾ ഒരു ദിവസം രണ്ടു ദിവസം കഴിഞ്ഞാൽ ഞാൻ എന്തിനാ പിണങ്ങിയത് എന്ന് ഞാൻ തന്നെ മറന്നുപോകും അപ്പൊ പിണക്കങ്ങൾ ഒന്നും ഒരിക്കലും പെർമനെന്റ് അല്ല ടെമ്പററി ആണ് പ്രത്യേകിച്ച് സിനിമകൾ വിജയിക്കുന്ന സമയങ്ങൾ അങ്ങനത്തെ പിണക്കങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് മാറാനുള്ളതുമാണ് അപ്പൊ ഞാൻ ആരെയെങ്കിലും ഈ സിനിമയുടെ ഭാഗമായിട്ട് പ്രവർത്തിച്ചിട്ടുള്ള ആരെയെങ്കിലും ഞാൻ ഒരു വാക്കുകൊണ്ടോ ഒരു നോട്ടം കൊണ്ടോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ എല്ലാവരോടും അതിനുള്ള മാപ്പ് അപേക്ഷിക്കുകയാണ്.’’– ടൊവീനോ പറയുന്നു.