കുംഭമേളയിലെ "വൈറൽ ഗേൾ’ ബിഗ് സ്ക്രീനിലേക്ക്
Friday, January 31, 2025 9:11 AM IST
ലക്നോ: പ്രയാഗ്രാജിൽ നടക്കുന്ന മഹാ കുംഭമേളയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ നാടോടി പെൺകുട്ടി മോനി ബോണ്‍സ്ലെ എന്ന മൊണാലിസ ബിഗ് സ്ക്രീനിലേക്ക്.
ബോളിവുഡ് സംവിധായകന് സനോജ് മിശ്രയുടെ സിനിമയിലൂടെയാണ് മോനി അഭിനയരംഗത്തേക്കു കടക്കുന്നത്. ‘ഡയറി ഓഫ് മണിപ്പുര്‍’ എന്ന സിനിമയിലൂടെയാകും മൊണാലിസ എത്തുക.
ഈ സിനിമയുമായി ബന്ധപ്പെട്ട് മൊണാലിസയുമായി സംവിധായകന് അവരുടെ വീട്ടിലെത്തി സംസാരിച്ചതായും കരാറിൽ ഒപ്പുവച്ചതായും സൂചനയുണ്ട്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്‍സ്റ്റഗ്രാമില്‍ മൊണാലിസയ്ക്കൊപ്പമുള്ള ചിത്രം സനോജ് മിശ്ര പങ്കുവച്ചിട്ടുണ്ട്.
‘രാമജന്മഭൂമി’, ‘ദ ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍’, ‘കാശി ടു കാഷ്മീർ’’ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സനോജ് മിശ്ര. കുടുംബം അനുവദിക്കുകയാണെങ്കില്‍ സിനിമയിൽ അഭിനയിക്കുമെന്ന് മൊണാലിസ നേരത്തേ വ്യക്തമാക്കിയിരുന്നു.
കുംഭമേളയ്ക്കിടെ മധ്യപ്രദേശിലെ ഇൻഡോറിൽനിന്നു മാല വില്പനയ്ക്കെത്തിയതായിരുന്നു മോനിയും കുടുംബവും. ഇതിനിടെ അപ്രതീക്ഷിതമായി പെൺകുട്ടിയുടെ പുഞ്ചിരിയും നീലക്കണ്ണുകളും ഒരു വ്ലോഗറുടെ കാമറയിൽ പതിഞ്ഞു.
ഇതോടെ പെൺകുട്ടി സമൂഹമാധ്യമങ്ങളിൽ താരമായി മാറി. സമൂഹമാധ്യമങ്ങൾ അവൾക്ക് മൊണാലിസ എന്നു പേരും നൽകി. ദൃശ്യങ്ങൾ വൈറലായതോടെ ഇവരെ കാണാൻ നിരവധി പേർ എത്തുകയും കുടുംബത്തിന്റെ ഉപജീവനമാർഗമായ മാല വില്പനയെ ബാധിക്കുകയും ചെയ്തതോടെ പെൺകുട്ടിയെ സ്വന്തം നാട്ടിലേക്ക് രക്ഷിതാക്കൾ തിരിച്ചയച്ചു. തന്റെ സുരക്ഷകൂടി കണക്കിലെടുത്താണ് കുംഭമേളയിൽനിന്ന് മടങ്ങുന്നതെന്നായിരുന്നു മൊണാലിസ വ്യക്തമാക്കിയത്.
അഞ്ച് സഹോദരങ്ങളില്‍ ഏറ്റവും ഇളയയാളാണു മൊണാലിസ. രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരുമാണ് മൂത്തവര്‍. സഹോദരങ്ങളെയും കുടുംബത്തെയും സഹായിക്കുന്നതിനായാണ് വിദ്യാഭ്യാസം ഉപേക്ഷിച്ച് വീട്ടുജോലി ഉള്‍പ്പെടെ ഏറ്റെടുത്തതെന്നു പെണ്‍കുട്ടി പറഞ്ഞിരുന്നു.