അലൈപായുതേ ചെയ്യാനിരുന്നത് ഷാരുഖിനെയും കാജോളിനെയും വെച്ച്; വെളിപ്പെടുത്തി മണിരത്നം
Thursday, January 30, 2025 1:23 PM IST
മാധവൻ-ശാലിനി താരജോഡികൾ ഒന്നിച്ച ക്ലാസിക് ചിത്രം അലൈപായുതേ ഷാരുഖ് ഖാനെയും കജോളിനെയും നായികാനായകന്മാരാക്കി ഹിന്ദിയിൽ ചെയ്യാനിരുന്നതായിരുന്നുവെന്ന് വെളിപ്പെടുത്തി സംവിധായകൻ മണിരത്നം.
ചിത്രത്തെ കുറിച്ച് ഷാറുഖുമായി സംസാരിച്ചിരുന്നെന്നും ക്ലൈമാക്സുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പങ്ങൾ കാരണം അത് ഉപേക്ഷിച്ച് 'ദിൽ സേ' ചെയ്യുകയായിരുന്നെന്നും സംവിധായകൻ പറഞ്ഞു. ജി5എ റിട്രോസ്പെക്റ്റീവിന്റെ ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഷാരുഖ് ഖാനെയും കജോളിനെയും വച്ച് ഹിന്ദിയിൽ ചെയ്യാനിരുന്ന ചിത്രമാണ് പിന്നീട് 'അലൈപായുതേ' എന്ന പേരിൽ തമിഴിൽ പുറത്തിറക്കിയത്. ഷാരുഖിനോടും കജോളിനോടും കഥ പറയുകയും ഇരുവരും അഭിനയിക്കാൻ തയാറാവുകയും ചെയ്തിരുന്നു.
എന്നാൽ കഥയുടെ ക്ലൈമാക്സുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങളുണ്ടായി. ഒരു ദിവസത്തെ ചുറ്റിപ്പറ്റിയാണ് അലൈപായുതേ നടക്കുന്നത്. അപകടം സംഭവിക്കുന്നതും ഭാര്യയെ കാണാതാകുന്നതും തിരഞ്ഞു പോകുന്നതുമായ ഭാഗങ്ങളൊന്നും ഷാരുഖിനോടു പറയുന്ന സമയത്ത് തിരക്കഥയിൽ ഉണ്ടായിരുന്നില്ല.
എന്തൊക്കെയോ ചെയ്യാനുണ്ടെന്ന് അറിയാമായിരുന്നു. എന്നാൽ, അത് എന്താണെന്നു കണ്ടെത്താൻ അപ്പോൾ കഴിഞ്ഞില്ല. ഒടുവിൽ ദിൽ സേ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അതു പൂർത്തിയായപ്പോൾ അലൈപായുതേയിലെ പ്രശ്നം പരിഹരിക്കാനും സാധിച്ചു.
മണിരത്നം സംവിധാനവും സഹരചനയും സഹനിർമാണവും ചെയ്ത് 2000ത്തിൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് അലൈപായുതേ. ചെന്നൈയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്ന രണ്ടു ചെറുപ്പക്കാരുടെ ജീവിതത്തിലുണ്ടാകുന്ന സംഘർഷങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.
വലിയ സ്വീകാര്യത ലഭിച്ച ചിത്രം പിന്നീട് ഹിന്ദിയിലേക്കു സാഥിയാ എന്ന പേരിൽ റീമേക്ക് ചെയ്യുകയുമുണ്ടായി. റാണി മുഖർജിയും വിവേക് ഒബ്റോയിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.