ഏട്ടാ, ഈ വേദന പ്രപഞ്ചം മായ്ക്കും; ഗോപി സുന്ദറിന്റെ അമ്മയുടെ വിയോഗത്തിൽ വേദന പങ്കിട്ട് അമൃത സുരേഷും അഭയ ഹിരൺമയിയും
Thursday, January 30, 2025 12:18 PM IST
സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ഗോപിയുടെ മുൻ പങ്കാളികളായിരുന്ന അമൃത സുരേഷും അഭയ ഹിരൺമയിയും.
ലിവിക്കൊപ്പമുള്ള മനോഹര ചിത്രം പങ്കിട്ടുകൊണ്ടാണ് ഇരുവരും അനുശോചനം അറിയിച്ചത്. ‘അമ്മാ, ശാന്തിയിൽ ലയിക്കൂ’ എന്നാണ് ഗായിക അമൃത ചിത്രത്തിനൊപ്പം കുറിച്ചത്. ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ടാണ് അമൃതയുടെ പോസ്റ്റ്.
നിങ്ങളുടെ സംഗീതത്തിന്റെ നാൾവഴികൾ എനിക്കറിയാം, നിങ്ങൾ അമ്മയിലൂടെ കേട്ട സിലോൺ റേഡിയോയിലെ എണ്ണമറ്റ തമിഴ് ഗാനങ്ങളിൽ തുടങ്ങിയതാണ് നിങ്ങളുടെ സംഗീത യാത്ര. അവർ നിങ്ങളുടെ വഴികാട്ടിയാകട്ടെ ഇനിയുള്ള കാലം അത്രയും! ഈ വേദന മറികടക്കാൻ ഏട്ടാ ഉറപ്പായും പ്രപഞ്ചം നിങ്ങൾക്ക് വേണ്ടുന്ന ഊർജം നൽകും. നിങ്ങളുടെ അമ്മയിലൂടെ നിങ്ങൾ സുഖപ്പെടും! അഭയ കുറിച്ചു.
അമ്മയുടെ വിയോഗവാർത്ത ഗോപി സുന്ദർ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. അമ്മ എങ്ങും പോയിട്ടില്ലെന്നും എപ്പോഴും തനിക്കൊപ്പമുണ്ടായിരിക്കുമെന്നും അദ്ദേഹം നൊമ്പരത്തോടെ പ്രതികരിച്ചു. സ്വപ്നങ്ങളെ പിന്തുടരാനുള്ള കരുത്ത് പകർന്ന് എന്നും വഴികാട്ടിയായി കൂടെ നിന്നത് അമ്മയായിരുന്നുവെന്നും ഗോപി സുന്ദർ കൂട്ടിച്ചേർത്തു.
തൃശൂരിലായിരുന്നു ഗോപിസുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ (65) അന്ത്യം. സംസ്കാരം വ്യാഴം വൈകുന്നേരം മൂന്നിന് വടൂക്കര ശ്മശാനത്തിൽ നടക്കും.