അതേ ദിവസം തന്നെയാണ് എന്റെ മകളുടെ ജൻമദിനവും, പറയുമ്പോൾ തന്നെ രോമാഞ്ചം വരുന്നു: സുചിത്ര മോഹൻലാൽ
Monday, January 27, 2025 11:16 AM IST
ജനുവരി 26 എന്നത് തന്നെ സംബന്ധിച്ചടത്തോളം ഏറെ പ്രധാനപ്പെട്ട ദിവസമാണെന്ന് സുചിത്ര മോഹൻലാൽ. തന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷിക ദിനമായ അതേ ദിവസമാണ് ആശിർവാദ് സിനിമാസിന്റെ ആദ്യ ചിത്രം ‘നരസിംഹം’ റിലീസ് ചെയ്തതെന്ന് സുചിത്ര പറയുന്നു.
എമ്പുരാൻ റിലീസ് ചെയ്യുന്ന അതേ ദിവസമാണ് തന്റെ മകൾ മായയുടെ പിറന്നാളെന്നും സുചിത്ര പറഞ്ഞു. ‘എമ്പുരാൻ’ സിനിമയുടെ ടീസർ റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുചിത്ര.
""പൊതുവെ ഞാനിങ്ങനെയുള്ള ചടങ്ങുകൾക്ക് വരാറില്ല. അതിനു കാരണം തന്നെ സ്റ്റേജിൽ കയറി സംസാരിക്കാനുള്ള താൽപര്യമില്ലാത്തതുകൊണ്ടാണ്. ഇനി വരുന്ന ചടങ്ങുകളിൽ എന്നെ വേദിയിലേക്കു വിളിക്കരുതെന്ന് ആന്റണിയോടു പ്രത്യേകം പറയും. പക്ഷേ ഇവിടെ എത്തുമ്പോൾ സ്ഥിതി മാറും. രണ്ട് മൂന്നു തവണ ഇങ്ങനെ ആയതുകൊണ്ട് ഞാൻ തന്നെ അതിനു തയാറെടുത്തു വരേണ്ടതായിരുന്നു. പക്ഷേ അത് നടന്നില്ല.
ജനുവരി 26നായിരുന്നു സിനിമ നിർമാതാവ് ആയിരുന്ന എന്റെ പിതാവ് സിനിമകള്‍ ഇറക്കിക്കൊണ്ടിരുന്നത്. ആ സിനിമകള്‍ റിലീസ് ചെയ്യുന്നത് കൊണ്ടല്ല, അന്ന് സന്തോഷ ദിവസം ആയിരുന്നു അന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികവും. ആശിര്‍വാദ് സിനിമാസിന്റെ ആദ്യത്തെ സിനിമ നരസിംഹം റിലീസ് ചെയ്തതും ജനുവരി 26ന് ആയിരുന്നു.
ആശീര്‍വാദ് സിനിമാസിന്റെ വിജയകാരണം ആന്റണിയുടെയും ആ കുടുംബത്തിലെ എല്ലാവരുടെയും അര്‍പ്പണ മനോഭാവവും പരിശ്രമവുമാണ്. പൃഥ്വിരാജിന്റെ ടാലന്റും മുരളി ഗോപിയുടെ ബ്രില്ലന്റ്സും ചേര്‍ന്നതാണ് ലൂസിഫര്‍ അവര്‍ വീണ്ടും ഒന്നിക്കുന്നത് ആ ലോകത്തിന്റെ പുതിയ കഥയിലേക്ക് ഞങ്ങളെ കൊണ്ടുപോകുമെന്ന് ഉറപ്പാണ്.
ഇത് പറയുമ്പോള്‍ തന്നെ എനിക്ക് രോമാഞ്ചം വരുകയാണ്. എമ്പുരാന് കാണാന്‍ മാര്‍ച്ച് 27നായി കാത്തിരിക്കുകയാണ് ഞാന്‍. അതേ ദിവസമാണ് മകളുടെ ജന്മദിനവും, അതിനാല്‍ ആ ദിവസം എനിക്ക് രണ്ട് സന്തോഷമാണ്''. സുചിത്ര പറഞ്ഞു.