രാജു ഇത്രയും ചെറിയ പടമെടുക്കുമെന്ന് വിചാരിച്ചില്ലെന്ന് മമ്മൂട്ടി; കൈ കൂപ്പി പൃഥ്വി
Monday, January 27, 2025 9:48 AM IST
എമ്പുരാൻ ടീസർ ലോഞ്ചിൽ നിറസാന്നിധ്യമായി മമ്മൂട്ടി. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്ത മമ്മൂട്ടി അണിയറ പ്രവർത്തകർക്ക് ആശംസകൾ അറിയിച്ച ശേഷമായിരുന്നു വേദി വിട്ടത്.
"രാജു ഇത്രയും ചെറിയൊരു പടമെടുക്കുമെന്ന് വിചാരിച്ചില്ല. നമ്മൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ചെറിയ പടമാണിത്. എല്ലാ വിജയങ്ങളും നേരുന്നു. മലയാള സിനിമയുടെ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു.
നമുക്ക് അതിൽ ഭാഗമാകാൻ സാധിക്കട്ടെ. എല്ലാവരും ചേർന്ന് വിജയിപ്പിക്കുക, എന്നാണ് ടീസർ ലോഞ്ചിന് പിന്നാലെ മമ്മൂട്ടി പറഞ്ഞത്. ഇത് കേട്ടതും നിറഞ്ഞ ചിരിയോട് കൈ തൊഴുത് പൃഥ്വിരാജ് എഴുന്നേറ്റ് നിന്നു.
25-ാം വാർഷികം ആഘോഷിക്കുന്ന ആശീർവാദ് സിനിമാസിനും മമ്മൂട്ടി ആശംസകൾ നൽകി. "ആന്റണിയുടെ ആശീർവാദ് ആണ് പ്രത്യേകം ആശീർവാദം ആഗ്രഹിക്കുന്നത്. പക്ഷേ ആശീർവദിക്കാൻ മാത്രം എന്ത് അർഹതയാണ് എനിക്ക് ഉള്ളതെന്ന് അറിയില്ല. എല്ലാ ആശംസകളും സ്നേഹവും ആശീർവാദ് ഫിലിംസിനും ആന്റണിക്കും എന്റെ പ്രിയപ്പെട്ട ലാലിനും നേരുന്നു. പൃഥ്വിരാജിന് വിജയാശംസകൾ. മമ്മൂട്ടി പറഞ്ഞു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ലൈകാ പ്രൊഡക്ഷനും ചേർന്നാണ് എന്പുരാൻ നിർമിക്കുന്നത്. രചന മുരളി ഗോപി. ഇരുപതോളം വിദേശ രാജ്യങ്ങളിലും ജമ്മു കാഷ്മീർ ഉൾപ്പടെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചത്. അമേരിക്ക, യുകെ എന്നിവടങ്ങൾക്ക് പുറമേ റഷ്യയും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്.
ടൊവീനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ, സാനിയ ഇയ്യപ്പൻ, ബൈജു സന്തോഷ്, ശശി കപൂർ എന്നിവർക്ക് പുറമേ ലൂസിഫറിൽ ഗസ്റ്റ് അപ്പിയറൻസിൽ പ്രത്യക്ഷപ്പെട്ട സംവിധായകൻ പൃഥ്വിരാജും എമ്പുരാനിൽ സുപ്രധാന വേഷത്തിലുണ്ട്. മാർച്ച് 27ന് ചിത്രം ലോകമെന്പാടും റിലീസ് ചെയ്യും.