ഷാഫിയെ അവസാനമായി ഒരു നോക്ക് കാണാൻ പ്യാരിയെത്തി
Monday, January 27, 2025 9:06 AM IST
സംവിധായകൻ ഷാഫിയെ അവസാനമായി കാണാൻ സലിം കുമാർ എത്തി. നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ് ഇരുവരും. ഭാര്യയോടൊപ്പമാണ് സലിം കുമാർ ഷാഫിയുടെ പൊതുദർശനത്തിനു എത്തിയത്.
പുലിവാൽ കല്യാണം, കല്യാണരാമൻ, മായാവി തുടങ്ങി ഷാഫിയുടെ കരവിരുതുള്ള സിനിമകളിൽ സലിം കുമാറിന് നല്ലൊരു വേഷം ആ സംവിധായകൻ കരുതിവച്ചിരുന്നു. ഷാഫി സലിം കുമാറിന് നൽകിയ സ്നേഹത്തെ നടൻ ജയസൂര്യ ഓർമിച്ചത് ഇങ്ങനെയായിരുന്നു.
''പുലിവാൽ കല്യാണം എന്ന സിനിമയിൽ ഞാൻ നായകനായെങ്കിലും ഞാൻ എന്നും വിശ്വസിക്കുന്നത് സലിംകുമാർ ആണ് അതിലെ നായകൻ എന്നാണ്. അത്രയേറെയാണ് ജനങ്ങൾ ആ കഥാപാത്രത്തെ ഇഷ്ടപ്പെട്ടത്. ആ രീതിയിലാണ് ഷാഫിയുടെ ക്രാഫ്റ്റ്.
എല്ലാവർക്കും പ്രിയപ്പെട്ട സിനിമകൾ സമ്മാനിച്ച ആളാണ് ഷാഫി. ഷാഫി എന്ന വ്യക്തിയും സുഹൃത്തും സംവിധായകനും എന്റെ ഉള്ളിൽ മരിക്കുന്നില്ല. അദ്ദേഹം ചെയ്ത സിനിമകളിലൂടെ ഷാഫി നമ്മിലെല്ലാം എന്നും നിറഞ്ഞു നിൽക്കും. ഇനിയും അവൻ ബാക്കിവച്ചുപോയ സിനിമകളിലൂടെ എല്ലാവരെയും ചിരിപ്പിച്ചു കൊണ്ടിരിക്കും.''