നടി ഡയാന ഹമീദ് വിവാഹിതയായി; വരൻ ടെലിവിഷൻ താരം അമീൻ
Monday, January 27, 2025 8:33 AM IST
നടി ഡയാന ഹമീദ് വിവാഹിതയായി. ടെലിവിഷൻ താരവും അവതാരകനുമായ അമീൻ തടത്തിൽ ആണ് വരൻ. ഇരുവരുടേതും അറേഞ്ച്ഡ് മാര്യേജ് ആണ്. കൊച്ചിയില്‍ വച്ചു നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മലപ്പുറം എടപ്പാൾ സ്വദേശിയാണ് അമീൻ.
‘ഒരേ ടെലിവിഷൻ ഷോയിലൂടെയാണ് പരിചയപ്പെടുന്നതും പിന്നീട് സുഹൃത്തുക്കളാകുന്നതും. വീട്ടുകാർ വഴിയാണ് അമീനുമായുള്ള വിവാഹാലോചന വരുന്നത്. ഇപ്പോൾ നിക്കാഹ് ആയാണ് ചടങ്ങ് നത്തിയത്. ഇനി അമീന്റെ വീട്ടിൽ വച്ച് മറ്റൊരു ചടങ്ങ് കൂടി ഉണ്ടാകും. അത് കുറച്ച് മാസങ്ങൾക്കു ശേഷമെ നടക്കൂ. വിവാഹശേഷവും അഭിനയരംഗത്തും ടെലിവിഷനിലും തുടരും.’’ഡയാന ഹമീദ് പറഞ്ഞു.
തമിഴ്, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഡയാന ടെലിവിഷൻ അവതാരകയായും മിനി സ്ക്രീനിലും സജീവമാണ്. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ദ് ഗാംബ്ലര്‍ ആണ് അഭിനയിച്ച ആദ്യ മലയാള ചിത്രം.
യുവം, വീകം, പാപ്പൻ, മകൾ, ടർക്കിഷ് തർക്കം, സൂപ്പർ സിന്ദഗി എന്നിവയാണ് മറ്റ് പ്രധാന സിനിമകൾ. ഒരുമ്പെട്ടവൻ ആണ് ഡയാനയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ.