ഖുറേഷി ഈസ് കമിംഗ് ബാക്ക്; ആവേശം വിതറി എമ്പുരാൻ ടീസർ
Sunday, January 26, 2025 8:26 PM IST
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ടീസർ റിലീസ് ചെയ്തു. വിദേശ രാജ്യങ്ങളിൽ അടക്കം ഷൂട്ട് ചെയ്ത ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ ടീസർ റിലീസ് ചെയ്തിട്ടുണ്ട്.
എമ്പുരാന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിടാതെയുള്ള ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്ന സംഭാഷണങ്ങളെല്ലാം ആദ്യഭാഗമായ ലൂസഫറിൽ നിന്നുള്ളത് തന്നെയാണ്. ആക്ഷൻ രംഗങ്ങളും കാര്യമായി ടീസറിൽ ഉൾപ്പെടുത്തിയിട്ടില്ല.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ലൈകാ പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രചന മുരളി ഗോപി. ഇരുപതോളം വിദേശ രാജ്യങ്ങളിലും ജമ്മു കാഷ്മീർ ഉൾപ്പടെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചത്. അമേരിക്ക, യുകെ എന്നിവടങ്ങൾക്ക് പുറമേ റഷ്യയും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്.
ടൊവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ, സാനിയ ഇയ്യപ്പൻ, ബൈജു സന്തോഷ്, ശശി കപൂർ എന്നിവർക്ക് പുറമേ ലൂസിഫറിൽ ഗസ്റ്റ് അപ്പിയറൻസിൽ പ്രത്യക്ഷപ്പെട്ട സംവിധായകൻ പൃഥ്വിരാജും എമ്പുരാനിൽ സുപ്രധാന വേഷത്തിലുണ്ട്. മാർച്ച് 27ന് ചിത്രം ലോകമെന്പാടും റിലീസ് ചെയ്യും.