മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം അമ്മ'യിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ച് മഞ്ജു വാര്യറും
Sunday, January 26, 2025 3:36 PM IST
റിപ്പബ്ലിക് ദിനം ആഘോഷിച്ച് ചലച്ചിത്രതാരസംഘടനയായ അമ്മ. സംഘടനയുടെ കൊച്ചി ഓഫിസിലായിരുന്നു ചടങ്ങുകൾ. മമ്മൂട്ടിയാണ് ദേശീയ പതാക ഉയർത്തിയത്. മോഹൻലാലും നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
ഒരു ഇടവേളയ്ക്കു ശേഷമാണ് മഞ്ജു വാര്യർ അമ്മയുടെ ഔദ്യോഗിക പരിപാടിയിൽ സജീവമായി പങ്കെടുക്കുന്നത്. നടൻ ശ്രീനിവാസനും പരിപാടിയുടെ ഭാഗമാകാൻ എത്തി.
സുരേഷ് കൃഷ്ണ, ബാബുരാജ്, രമേഷ് പിഷാരടി, ജോമോൾ, പൊന്നമ്മ ബാബു, തെസ്നി ഖാൻ തുടങ്ങി നിരവധി താരങ്ങളും ചടങ്ങിൽ പങ്കെടുക്കാൻ എത്തി. സംഘടന നടപ്പാക്കുന്ന സഞ്ജീവനി ജീവൻരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മോഹൻലാൽ നേതൃത്വം നൽകിയിരുന്ന അമ്മയുടെ ഭരണസമിതി രാജിവച്ചിരുന്നു. തുടർന്ന് താൽക്കാലിക സമിതിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ മുൻപോട്ടു പോകുന്നത്. കഴിഞ്ഞ ദിവസം അമ്മയുടെ കുടുംബസംഗമം കൊച്ചിയിൽ വച്ച് നടത്തിയിരുന്നു.