ജനുവരി 15ന് അർധരാത്രിയോടെ വിളിച്ചു, ചില രോഗലക്ഷണങ്ങൾ ഷാഫി പറഞ്ഞു; ഡോ. റോണി പറയുന്നു
Sunday, January 26, 2025 3:09 PM IST
സംവിധായകൻ ഷാഫിയുടെ അവസാന ഫോൺ കോളിനെക്കുറിച്ച് നടനും തിരക്കഥാകൃത്തുമായ റോണി ഡേവിഡ്. ജനുവരി 15ന് അർധരാത്രിയോട് അടുത്ത് ഷാഫി വിളിച്ചത് അദ്ദേഹത്തിനുണ്ടായ ചില രോഗലക്ഷണങ്ങളെക്കുറിച്ച് പറയാനായിരുന്നുവെന്ന് റോണി പറഞ്ഞു.
വേദന കുറയുന്നില്ലെങ്കിൽ എത്രയും വേഗം ആശുപത്രിയിൽ അഡ്മിറ്റ് ആകണമെന്നായിരുന്നു നിർദേശിച്ചത്. പിന്നീട് കേട്ട വാർത്തകൾ ഒന്നും നല്ലതായിരുന്നില്ലെന്നും റോണി ഒരു ഓൺലൈൻ മാധ്യമത്തിനോട് പറഞ്ഞു.
ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റ്, ചട്ടമ്പിനാട് തുടങ്ങിയ സിനിമകളിലൂടെയാണ് റോണി ചലച്ചിത്രരംഗത്ത് സജീവമാകുന്നത്.
""പലരുടെയും വിയോഗങ്ങൾ വരുമ്പോൾ അവരുടെ ചിത്രം പോലും ഷെയർ ചെയ്യാനുള്ള ഒരു മാനസികാവസ്ഥ ഇപ്പോൾ ഉണ്ടാവാറില്ല. കൃത്യം പറഞ്ഞാൽ 15 ജനുവരി രാത്രി 11.45നടുത്തു ഷാഫിക്ക വിളിച്ചു ചില രോഗലക്ഷണങ്ങൾ വിളിച്ചു പറഞ്ഞു. റൂട്ട് കനാൽ ട്രീറ്റ്മെന്റ് ചെയ്തതിന്റെ ഇഷ്യൂ ആണ് എന്ന് പറഞ്ഞപ്പോൾ, ഇക്ക വേദന കുറയുന്നില്ല എങ്കിൽ അഡ്മിറ്റ് ആവണം എന്ന് നിർബന്ധം പറഞ്ഞു.
ഇതിന്റെ പുറകെ തന്നെ ഞാൻ വൈറൽ ഫീവർ ആയി പാലക്കാട് അഡ്മിറ്റ് ആയി. പിന്നെ കേട്ട വാർത്തകൾ ഒന്നും നല്ലതായിരുന്നില്ല.... ഷാഫിക്ക എനിക്ക് ആരായിരുന്നു എന്ന് ചോദിച്ചാൽ, എനിക്ക് ആദ്യമായി വേഷം തരാൻ ധൈര്യം കാണിച്ച വ്യക്തികളിൽ ഒരാൾ എന്ന് ധൈര്യപൂർവം പറയാൻ കഴിയും.
എന്റെ ഗുരുനാഥനു പ്രണാമം. പ്രിയപ്പെട്ടവർ, പ്രത്യേകിച്ച് കോവിഡിന് ശേഷം ഒരുപാടു പേർ വിട പറഞ്ഞു. ഒന്ന് മാത്രം പറയട്ടേ, ആരോഗ്യം കാത്തു കൊള്ളുക. നമ്മളെ ആശ്രയിച്ചു കുറച്ചു പേരെങ്കിലും ഉണ്ടാവും. അവരെ അനാഥരാകാതിരിക്കുക.
സംവിധായകൻ ഷാഫി വിളിക്കുമ്പോൾ പാലക്കാട് ഷൂട്ടിലായിരുന്നു റോണി ഡേവിഡ്. ‘‘ഫോണിൽ അദ്ദേഹം പറഞ്ഞത് റൂട്ട് കനാൽ ചെയ്തത് ഇൻഫെക്ടഡ് ആയെന്നാണ്. അദ്ദേഹം എടുക്കുന്ന മരുന്നുകളെ കുറിച്ച് ഞാൻ അന്വേഷിച്ചു. എന്നെ വിളിക്കുമ്പോൾ ഈ രോഗലക്ഷണങ്ങൾ തുടങ്ങി മൂന്നു ദിവസമെങ്കിലും കഴിഞ്ഞിരുന്നു.
ഒരു ഡോസ് മരുന്നു കൂടി എടുത്തിട്ട് കുറവില്ലെങ്കിൽ വൈകാതെ ആശുപത്രിയിൽ പോകണമെന്നാണ് ഞാൻ പറഞ്ഞത്. കാരണം, ആ മരുന്ന് കഴിച്ചിട്ട് വേദന കുറയുന്നില്ലെങ്കിൽ ആ വേദനയുടെ കാരണം മറ്റൊന്നാകാനാണ് സാധ്യത.
ഇനി വച്ചു വൈകിപ്പിക്കരുതെന്ന് ഞാൻ പറഞ്ഞു. ഏകദേശം ഒരു മാസമായി അദ്ദേഹത്തിന് ഈ വേദന ഉണ്ട്. എന്തായാലും ആശുപത്രിയിൽ എത്തി എംആർഐ എടുത്തപ്പോഴാണ് കൃത്യമായി കാര്യങ്ങൾ മനസിലായത്.
അദ്ദേഹത്തിന് വേറെയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. പിന്നീട് അത് മൾട്ടിപ്പിൾ ഓർഗൻ ഫെയ്ലിയർ ആയി. ഒരാഴ്ചയ്ക്കുള്ളിലാണ് ഇതെല്ലാം സംഭവിക്കുന്നത്,’’ റോണി ഡേവിഡ് പറഞ്ഞു.