ഉൾക്കൊള്ളാനാകുന്നില്ല ഈ വേർപാട്; ദശമൂലം ദാമുവിനെ എനിക്ക് നൽകിയ മനുഷ്യൻ: സുരാജ് വെഞ്ഞാറമ്മൂട്
Sunday, January 26, 2025 12:08 PM IST
ഷാഫിയുടെ അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാൻ ആകുന്നില്ലെന്ന് നടൻ സുരാജ് വെഞ്ഞാറമ്മൂട്. ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഈ വിടവാങ്ങലെന്നും സുരാജ് കുറിച്ചു.
""എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സാറിന്റെ ഈ വേഗത്തിലുള്ള യാത്ര പറച്ചിൽ. എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ് അദ്ദേഹം. അത്രയും കണക്റ്റഡ് ആയ ഒരു മനുഷ്യൻ ആയിരുന്നു എനിക്ക് അദ്ദേഹം.
എന്നെന്നും മലയാളികൾ എന്നെ ഓർമിക്കുന്ന ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ. ഇനിയും ഉൾകൊള്ളാൻ ആകുന്നില്ല ഈ വേർപാട്. അദ്ദേഹത്തിന്റെ കുടുംബത്തിനു ഈ വേദന താങ്ങാനുള്ള ശക്തി ഈശ്വരൻ നൽകട്ടെ. വിട.’’സുരാജിന്റെ വാക്കുകൾ.
‘മായാവി’ എന്ന സിനിമയിലൂടെയാണ് സുരാജും ഷാഫിയും ഒന്നിക്കുന്നത്. 2009ൽ റിലീസ് ചെയ്ത ചട്ടമ്പിനാട് സിനിമയിലൂടെ ദശമൂലം ദാമു എന്ന കഥാപാത്രത്തെ ഷാഫി സുരാജിന് സമ്മാനിച്ചു. 2 കൺട്രീസിലാണ് ഇരുവരും അവസാനമായി ഒന്നിച്ചു പ്രവർത്തിച്ചത്.