ഷാഫിയുടെ വിയോഗം മലയാളസിനിമയുടെ നഷ്ടമാണ്: അനുശോചനവുമായി മുഖ്യമന്ത്രി
Sunday, January 26, 2025 11:28 AM IST
സംവിധായകൻ ഷാഫിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രയത്നശാലിയായ ചലച്ചിത്രകാരനായിരുന്നു ഷാഫിയെന്നും അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
""മലയാളി പ്രേക്ഷകന്റെ ഹൃദയത്തിൽ ഇടം നേടിയ അനേകം ജനപ്രിയ സിനിമകളുടെ സംവിധായകനെയാണ് ഷാഫിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. സഹ സംവിധായകൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നിങ്ങനെ ചലച്ചിത്രത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഷാഫി വിട പറഞ്ഞത്.
പ്രയത്നശാലിയായ ചലച്ചിത്രകാരനായിരുന്നു ഷാഫി. പ്രേക്ഷക മനസ് വായിച്ചു കൊണ്ടാണ് കഥാപാത്രങ്ങളെയും കഥാവസരങ്ങളെയും അദ്ദേഹം രൂപപ്പെടുത്തിയത്. ഷാഫി സിനിമകൾ സംഭാവന ചെയ്ത ഹാസ്യ കഥാപാത്രങ്ങൾ പലതും തലമുറകൾ കൈമാറി ഏറ്റെടുക്കപ്പെട്ടു. നർമ്മ മുഹൂർത്തങ്ങൾ കൊണ്ട് സമൃദ്ധമായ ആ സിനിമകൾ മലയാളത്തിന്റെ അതിർത്തി വിട്ടും സ്വീകാര്യത നേടി.
ആ യുവ പ്രതിഭയുടെ അകാലത്തിലുള്ള വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും ഷാഫിയെ സ്നേഹിക്കുന്നവരുടെ ആകെയും ദുഃഖത്തിൽ പങ്കുചേരുന്നു.''മുഖ്യമന്ത്രിയുടെ വാക്കുകൾ.
തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഒരാഴ്ച മുൻപ് ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ച ഷാഫി ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ശനിയാഴ്ച രാത്രി 11.30ന് ആയിരുന്നു ഷാഫി അന്തരിച്ചത്.
മൃതദേഹം ഇന്നു രാവിലെ ഇടപ്പള്ളി ബിടിഎസ് റോഡിലുള്ള സ്വവസതിയിലും തുടർന്ന് ഒൻപതുമുതൽ 12 വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സഹകരണ ബാങ്ക് ഹാളിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഇന്ന് നാലിന് കലൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ.
ഭാര്യ ഷാമില. മക്കൾ: അലീമ ഷെറിൻ, സൽമ ഷെറിൻ. പ്രശസ്ത സംവിധായകൻ സിദ്ദീഖ് ഷാഫിയുടെ അമ്മാവനാണ്. സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനാണ്.