ഞങ്ങൾ ഒന്നിക്കുന്ന പുതിയ സിനിമയുടെ ചർച്ചകൾക്കിടെയാണ് ഈ വേർപാട്: ദിലീപ്
Sunday, January 26, 2025 10:38 AM IST
ഒരു സഹോദരനെയാണ് ഷാഫിയുടെ വിയോഗത്തിൽ തനിക്ക് നഷ്ടമായതെന്ന് ദിലീപ്. ഷാഫിയുമായി പുതിയ സിനിമയുടെ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ അപ്രതീക്ഷിത വേർപാടെന്നും തനിക്ക് ലഭിച്ച മൂന്ന് ഹിറ്റി സിനിമകളുടെയും സംവിധായകനെയാണ് നഷ്ടമായതെന്നും ദിലീപ് കുറിച്ചു.
‘‘പ്രിയപ്പെട്ട ഷാഫി പോയി.....ഞാൻ നായകനായി അഭിനയിച്ച മൂന്ന് ചിത്രങ്ങളുടെ, മൂന്ന് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ. എന്നാൽ അതിനപ്പുറമാണ് ഞങ്ങൾക്കിടയിലെ ബന്ധം, റാഫിയുടെ സഹോദരൻ എന്ന നിലയിലും, റാഫി മെക്കാട്ടിന്റെ സഹ സംവിധായകൻ എന്ന നിലയിലും, അതിനെല്ലാം ഉപരി ഒരു സഹോദരന്റെ സ്ഥാനത്തായിരുന്നു ഷാഫിയുടെ സ്ഥാനം.
കൂടുതൽ എഴുതുവാൻ കഴിയുന്നില്ല..... ഞങ്ങൾ ഇരുവരും സഹകരിക്കുന്ന പുതിയ ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ വേർപാട്. പ്രിയ സഹപ്രവർത്തകന്റെ, സുഹൃത്തിന്റെ, സഹോദരന്റെ വേർപാടിൽ കണ്ണീർ.’’–ദിലീപ് ഫേസ്ബുക്കിൽ കുറിച്ചു.
കല്യാണരാമൻ ആണ് ദിലീപിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രം. 2015ൽ റിലീസ് ചെയ്ത 2 കൺട്രീസിലാണ് ഇവർ അവസാനമായി ഒന്നിച്ചത്.