തൊമ്മനും മക്കളും കണ്ട് ജനങ്ങൾ ചിരിക്കുന്പോൾ ഞാൻ വീട്ടിലിരുന്നു കരയുകയായിരുന്നു, സിനിമ വിടാൻ തന്നെ ആലോചിച്ചു
Sunday, January 26, 2025 10:21 AM IST
സംവിധായകൻ ഷാഫി വിടപറയുന്പോൾ മലയാള സിനിമയ്ക്ക് സംഭവിച്ചിരിക്കുന്നത് നികത്താനാവാത്ത വിടവാണ്. അത്രയധികം മലയാളികളെ ചിരിപ്പിച്ച കലാകാരാനായിരുന്നു അദ്ദേഹം. എന്നാൽ ഒരു ഘട്ടത്തിൽ സിനിമ തന്നെ വിടാൻ മനസിൽ കരുതിയിരുന്നു ഷാഫി.
മനസിൽ പോലും വിചാരിക്കാത്ത കാര്യത്തിനു പഴികേട്ടും പാരവയ്പ്പിൽ മനംനൊന്തുമാണ് സിനിമ തന്നെ വിടാൻ ആലോചിച്ചിരുന്നതെന്ന് ഷാഫി പറഞ്ഞിട്ടുണ്ട്. തൊമ്മനും മക്കളും തിയറ്ററിൽ വൻവിജയം നേടി പ്രദർശനം തുടരുന്ന കാലത്തായിരുന്നു സിനിമ വിടാൻ ഷാഫി തീരുമാനിച്ചത്.
അതിനെക്കുറിച്ച് ഷാഫി പറയുന്നതിങ്ങനെ: ""വേദനിപ്പിക്കുന്ന അനുഭവമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ, തുറന്നു പറയാൻ നിവൃത്തിയില്ല.. ഇനിയും അതെടുത്തു പറഞ്ഞ് എന്തിനാണ് വീണ്ടും ആളുകളുടെ വിരോധം സമ്പാദിക്കുന്നത്?
തൊമ്മനും മക്കളും കണ്ട് ആളുകൾ തിയേറ്ററുകളിൽ ആർത്തു ചിരിക്കുമ്പോൾ, സംവിധായകനായ ഞാൻ വീട്ടിലിരുന്നു കരയുകയായിരുന്നു, സത്യം! സിനിമയേ വേണ്ട, നമുക്ക് ഉള്ളതുകൊണ്ടു ജീവിക്കാം എന്നു ഭാര്യപോലും നിർബന്ധിച്ച ദിവസങ്ങൾ.
മനസ് മടുത്ത് ഞാൻ വീട്ടിൽത്തന്നെ ചടഞ്ഞുകൂടി. ചിത്രത്തിന്റെ വിജയമറിഞ്ഞ് അഭിനന്ദിച്ചു വിളിക്കുന്നവരുടെ ഫോൺ കോളുകൾ പോലും ഞാനെടുത്തില്ല. രാത്രി വൈകി വന്ന ഒരു ഫോൺ കോളാണ് ഒടുവിലെന്നെ വീണ്ടും സിനിമയിലേക്കു തിരിച്ചു നടത്തിയത്.
ചെന്നൈയിലുള്ള ഒരു സുഹൃത്ത് രാത്രി വിളിച്ചു. ചെന്നൈയിൽ നിന്ന് മിസ്റ്റർ വിക്രം നിങ്ങളെ വിളിക്കും എന്നു പറഞ്ഞു. ഞാൻ വിചാരിച്ചു, സംവിധായകൻ വിക്രം ആയിരിക്കും, സിനിമയുടെ കഥയുടെ അവകാശം ആവശ്യപ്പെട്ടുകൊണ്ടുള്ള വിളിയായിരിക്കും എന്ന്.
എന്നാൽ രാത്രി വിളിച്ചത് സാക്ഷാൽ വിക്രം ആയിരുന്നു. തമിഴകത്തെ സൂപ്പർതാരം വിക്രം! തൊമ്മനും മക്കളും കണ്ടുവെന്നും അതു തമിഴിലെടുക്കണമെന്നും ഞാൻ തന്നെ അതു സംവിധാനം ചെയ്യണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
ഞാൻ സമ്മതം മൂളി. സിനിമ വിടാൻ ആലോചിച്ച എന്നെ വീണ്ടും സിനിമയിലേക്കു മടക്കിക്കൊണ്ടു വന്നത് ആ തമിഴ് സിനിമയാണ്. വിക്രമും അസിനും നായികാനായകന്മാരായ "മജ' എന്ന ആ സിനിമ തമിഴകത്ത് എനിക്ക് സംവിധായകനെന്ന മേൽവിലാസമുണ്ടാക്കിത്തന്നു.'' ഷാഫി ഒരു അഭിമുഖത്തിൽ പറഞ്ഞു.