ഹിറ്റ്മേക്കർ ഷാഫി; രാമൻകുട്ടിയെയും പ്യാരിയെയും മണവാളനെയും കൊണ്ട് മലയാളികളെ ചിരിപ്പിച്ചയാൾ
Sunday, January 26, 2025 9:44 AM IST
ഭവാനി ഒന്നു മനസുവെച്ചാൽ ഈ കലവറ നമുക്കൊരു മണിയറാക്കാം...,ഈ എല്ലൊക്കെ കൂടെ ഞാൻ എവിടെക്കൊണ്ടു വെയ്ക്കും തുടങ്ങി മലയാളികളുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്ന നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച സംവിധായകൻ ഷാഫി ഓർമകളിലേയ്ക്ക് മൺമറഞ്ഞു.
വർഷങ്ങൾ പലവുര കഴിഞ്ഞിട്ടും മറക്കാനാകാത്ത ചില സിനിമരംഗങ്ങളാണ് ഇതൊക്കെ. ഓർത്തോർത്ത് ചിരിക്കാനും ആർത്തുവിളിക്കാനും പാകത്തിന് രാമൻകുട്ടിയെയും പ്യാരിയെയും മിസ്റ്റർ പോഞ്ഞിക്കരയെയും മലയാളിക്ക് സമ്മാനിച്ച ഷാഫി.
ഷാഫിയുടെ ചിത്രങ്ങളെല്ലാം സാധരാണക്കാരുടെ ചിത്രങ്ങളായിരുന്നു. ചിരിക്കാനും ചിന്തിക്കാനും മലയാളികളെ പഠിപ്പിച്ചയാൾ. കല രക്തത്തിൽ അലിഞ്ഞുചേർന്നവർ എന്നു പറയില്ലേ അങ്ങനൊരു ജനുസ് ആയിരുന്നു ഷാഫിയുടേത്.
ചേട്ടനും അനിയനും സിനിമയ്ക്ക് പുറകെ പോയപ്പോൾ ആരറിഞ്ഞുകാണും മലയാളസിനിമയുടെ ഹിറ്റ്മേക്കേഴാസാകും ഇവരെന്ന്. സഹോദരൻ റാഫി സിദ്ദീഖിന്റെ അസിസ്റ്റാന്റായി സിനിമയിൽ ജോലികൾ ചെയ്തുതുടങ്ങിയപ്പോൾ ഷാഫി തുകൽ ബാഗുകളുടെ കച്ചവടം നടത്തുകയായിരുന്നു. വീട്ടിലെ അടുപ്പ് പുകയണമെങ്കിൽ സ്ഥിരവരുമാനമായി മറ്റെന്തെങ്കിലും കൂടി ചെയ്യണമായിരുന്നു ആ സഹോദരങ്ങൾക്ക്.
ചേട്ടൻ റാഫി സിനിമലോകത്ത് പച്ചപിടിച്ചപ്പോൾ അനിയന്റെ ആഗ്രഹത്തെ മറന്നില്ല. സിനിമ സംവിധായനാകണമെന്നായിരുന്നു ഷാഫിയുടെ ആഗ്രഹം. അങ്ങനെ രാജസേനന്റെ അസിസ്റ്റന്റായി സിനിമയിലെത്തിച്ചു.
തുടർന്ന് റാഫി മെക്കാർട്ടിൻ തിരക്കഥയെഴുതിയ വൺമാൻ ഷോ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി മാറി. 2001ൽ പുറത്തിറങ്ങിയ ആദ്യപടം തന്നെ സൂപ്പർഹിറ്റായപ്പോൾ ഒറ്റയ്ക്ക് പടവെട്ടി വന്നവനെ പോലെ "സംവിധാനം ഷാഫി' എന്നത് മേൽവിലാസമായി.
നർമങ്ങൾ ചാലിക്കാനുള്ള ഷാഫിയുടെ കഴിവ് ആളുകളെ തിയറ്ററുകളിലേയ്ക്ക് അടുപ്പിച്ചു. ഷാഫി ചിത്രമാണെങ്കിൽ കുടുകുടെ ചിരിക്കാമെന്നത് ആളുകൾ മനസിലുറപ്പിച്ചു. അങ്ങനെ കല്യാണരാമനും തൊമ്മനും മക്കളും പുലിവാൽ കല്യാണവും തുടങ്ങി ഹിറ്റുകളുടെ മായാജാലം അയാൾ തീർത്തു.
സിനിമക്കാർ ഷാഫിക്ക് പിന്നാലെയായി. പ്രശസ്ത നിർമാതാക്കളൊക്കെ ഷാഫിയുടെ സംവിധാനത്തിലൊരു ചിത്രം വരണമെന്നാഗ്രഹിച്ചു. നടൻമാർ ഷാഫി ചിത്രങ്ങളിലഭിനയിക്കണമെന്ന് വാശിപിടിച്ചു. അങ്ങനെ ഷാഫി എന്ന പേര് മലയാളത്തിൽ തലയയുർത്തി നിന്നു.
മിതഭാഷിയായ ഷാഫി സൗമ്യമായ ചിരി കൊണ്ട് എല്ലാ വിജയങ്ങളെയും നേരിട്ടു.വിജയത്തില്‍ അഹങ്കരിക്കുകയും സഹപ്രവര്‍ത്തകരെ പുലഭ്യം പറയുകയും ചെയ്യുന്ന അല്പ്പജ്ഞാനികള്ക്ക് ഷാഫി എന്നും ഒരു വിസ്മയമായിരുന്നു.
ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഒരിക്കല്‍ ഷാഫി നല്കിയ ഉത്തരം ഇതായിരുന്നു.'സിനിമയില്‍ ആരുടെയും വിജയം ശാശ്വതമല്ല. ശശികുമാര്‍ സാറും ഐ.വി.ശശി സാറും അടക്കമുളള ലജണ്ടുകള്ക്ക് പോലും ഒരു ഘട്ടത്തില്‍ ഫ്ലോപ്പുകള്‍ ഉണ്ടായിട്ടുണ്ട്. ഞാനൊരു സാധാരണക്കാരനാണ്. ഇന്ന് കാണുന്ന വിജയം നാളെ ആവര്‍ത്തിക്കുമോയെന്ന് ഉറപ്പില്ല. അതുകൊണ്ട് തന്നെ ഹിറ്റുകള്‍ വരുമ്പോള്‍ കൂടുതല്‍ ജാഗ്രതയോടെ അടുത്ത സിനിമയെ സമീപിക്കാനാണ് ശ്രമിക്കുന്നത്. അഹങ്കരിക്കാനുളളതല്ല ഒരു സിനിമാക്കാരന്റെ ജീവിതം. അത് എന്നും അനിശ്ചിതത്വം നിറഞ്ഞതാണ്.'
ആളുകളെ ബോറടിപ്പിക്കാതെ ചിരിപ്പിച്ച ഷാഫി 57-ാം വയസിൽ വിടപറഞ്ഞിരിക്കുന്നു. ഇനിയും ഷാഫിയുടെ ചിത്രങ്ങൾ ഞങ്ങളോട് തമാശകൾ പറഞ്ഞുകൊണ്ടേയിരിക്കും.