വിട വാങ്ങിയത് ബോക്സ് ഓഫീസ് ഹിറ്റുകളുടെ ശിൽപി
Sunday, January 26, 2025 9:37 AM IST
സംവിധായകൻ ഷാഫിയുടെ നിര്യാണത്തോടെ മലയാള സിനിമയ്ക്ക് നഷ്ടമായത് ബോക്സ് ഓഫീസ് ഹിറ്റുകളുടെ ശിൽപിയെ. ഗ്രാമീണ പശ്ചാത്തലത്തിൽ പറയുന്നവയും കുടുംബ ബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും ആഴവും പരപ്പും വ്യക്തമാക്കുന്ന തിരക്കഥകളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
1968 ഫെബ്രുവരി 18ന് എറണാംകുളം പുല്ലേപ്പടിയിലെ കറുപ്പുനൂപ്പിൽ തറവാട്ടിൽ എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായി ജനിച്ച ഷാഫിയുടെ യഥാർഥ പേര് എം.എച്ച്.റഷീദ് എന്നാണ്. ബന്ധുവായ സംവിധായകൻ സിദ്ദീഖിന്റെയും സഹോദരൻ റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്.
രാജസേനൻ, റാഫി, മെക്കാര്‍ട്ടിന്‍ തുടങ്ങിയവരുടെ സഹായിയായി പ്രവർത്തിച്ചാണ് കരിയർ തുടങ്ങിയത്. 2001-ല്‍ പുറത്തിറങ്ങിയ വണ്മാന് ഷോയിലൂടെയാണ് സ്വതന്ത്ര സംവിധായകനായുള്ള അരങ്ങേറ്റം. പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കും ബോക്സ് ഓഫീസ് കളക്ഷന്റെ മുന്നേറ്റത്തിനും ഗ്യാരന്റി നൽകുന്ന "ഷാഷി മാജിക്കിനാണ്' അദ്ദേഹത്തിന്റെ സൃഷ്ടികൾ വഴി മോളിവുഡ് സാക്ഷിയായത്.
കല്യാണരാമൻ, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, മായാവി, തൊമ്മനും മക്കളും, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാൻ, വെനീസിലെ വ്യാപാരി, ടു കണ്ട്രീസ്, 101 വെഡ്ഡിംഗ്സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കലാകാരനാണ് വിടവാങ്ങിയത്. ദശമൂലം ദാമു, മണവാളൻ, സ്രാങ്ക് തുടങ്ങി മലയാളികൾ എന്നും ഓര്‍മിക്കുന്ന കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.
പരാജയങ്ങള്‍ക്ക് ശേഷം വൻ വിജയങ്ങളുമായി തിരിച്ചുവന്ന സംവിധായകനുമായിരുന്നു അദ്ദേഹം. മേരിക്കുണ്ടൊരു കുഞ്ഞാടും ടു കണ്ട്രീസുമൊക്കെ അത്തരം തിരിച്ചുവരവുകളായിരുന്നു. തമിഴ് ചിത്രം മജ ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു. 2022ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. തിയറ്ററുകളെ ചിരിയുടെ പൂരപ്പറമ്പാക്കി മാറ്റിയാണ് മലയാളികളുടെ പ്രിയ സംവിധായകൻ വിടവാങ്ങിയത്.
തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ഞായറാഴ്ച പുലർച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു. മൃതദേഹം രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.
സംസ്കാരം വൈകുന്നേരം നാലിന് കലൂർ കറുകപ്പള്ളി ജുമ മസ്ജിദിൽ നടക്കും. ഭാര്യ ഷാമില. മക്കൾ: അലീമ ഷെറിൻ, സൽമ ഷെറിൻ.