ടൊവീനോയുടെ ഐഡന്റിറ്റി ഒടിടിയിൽ സ്ട്രീമിംഗ് തുടങ്ങുന്നു; ചിത്രം സീ5ൽ ആസ്വദിക്കാം
Saturday, January 25, 2025 2:44 PM IST
ടൊവീനോ തോമസിനെ നായകനാക്കി അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഐഡന്റിറ്റി ഡിജിറ്റൽ സ്ട്രീമിംഗിന് ഒരുങ്ങുന്നു. സീ5 (ZEE 5) വഴി ജനുവരി 31 മുതൽ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേയ്ക്ക് ചിത്രം എത്തും. ബിഗ് ബജറ്റിൽ തിയേറ്ററുകളിൽ പ്രകമ്പനം കൊള്ളിച്ച ചിത്രത്തിൽ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ തൃഷ, വിനയ്റോയ്, മന്ദിര ബേബി, അജു വർഗീസ് എന്നിവരും അണിനിരക്കുന്നുണ്ട്.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ചിത്രം കൂടിയാണ് ഐഡന്റിറ്റി. ടൊവീനോ, തൃഷ തുടങ്ങിയവരുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
അമ്പതു കോടിക്ക് മുകളിൽ ബഡ്ജറ്റ് വരുന്ന ചിത്രം ടോവിനോയുടെ കരിയറിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രങ്ങളിൽ ഒന്ന് എന്ന പ്രേക്ഷക പ്രതികരണങ്ങളുമായാണ് തീയറ്ററുകൾ വിട്ടത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ത്രസിപ്പിക്കുന്ന രീതിയിൽ ചിത്രം ഒരുക്കുന്ന അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തെ ഇരു കൈകളും നീട്ടിയാണ് മലയാളി പ്രേക്ഷകർ ഏറ്റെടുത്തത്.
50 കോടിയിൽ പരം മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ തന്നെയായിരുന്നു മുഖ്യ ആകർഷണം. ക്ലൈമാക്സ് രംഗത്തിലെ ഫ്ലൈറ്റ് ഫ്ലൈറ്റ് രംഗങ്ങൾ ശ്വാസം അടക്കിപ്പിടിച്ചാണ് പ്രേക്ഷകർ ആസ്വദിച്ചത്.
രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് ചിത്രം നിർമിച്ചത്. ജനുവരി 31 മുതൽ മലയാളം തമിഴ് ഹിന്ദി തെലുങ്ക് കന്നട ഭാഷകളിലായി ZEE5 വഴി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.സീ5 പി ആർ ഓ-വിവേക് വിനയരാജ്.