നര്ത്തകന് അവൈ സന്തോഷിന്റെ സംസ്കാരം ഇന്ന്
Saturday, January 25, 2025 12:56 PM IST
വാഹനാപകടത്തില്‍ അന്തരിച്ച നടനും നര്‍ത്തകനുമായ എറണാകുളം പള്ളിക്കര മലേക്കുരിശ് കണ്ടത്തില്‍ സന്തോഷ് ജോണ്‍ (അവൈ സന്തോഷ്- 43)ന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നിന് ആലുവ ദേശത്തുണ്ടായ ബൈക്കപകടത്തിലാണ് സന്തോഷ് മരിച്ചത്. പട്ടാമ്പിയില്‍ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.
"അവ്വൈ ഷണ്മുഖി' എന്ന സിനിയിലെ കമലഹാസൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വേഷത്തില്‍ ഡാന്‍സ് ചെയ്ത് ശ്രദ്ധേയനായിരുന്നു സന്തോഷ്. മികച്ച രീതിയില്‍ നൃത്തം ചെയ്തതിന് കമലഹാസന് സന്തോഷിനെ നേരില്‍ കണ്ട് അഭിനന്ദിച്ചു. പിന്നീട് അവ്വൈയ് സന്തോഷ് എന്ന പേരില്‍ അറിയപ്പെട്ടു. ചെറുപ്പം മുതല്‍ ഡാന്‍സ്, മാജിക് എന്നിവയില്‍ മികവുതെളിയിച്ച് സന്തോഷ് ഇരുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
മൈഡിയര്‍ കുട്ടിച്ചാത്തന്, സകലകലാ വല്ലഭന്, കുട്ടിയും കോലും, സത്യം ശിവം സുന്ദരം, അപരന്മാര് നഗരത്തില്‍, സ്പാനിഷ് മസാല തുടങ്ങിയവ അതില്‍ ചിലതാണ്. ജയറാം, നാദിര്‍ഷാ, കലാഭവന്‍ മണി എന്നിവരോടൊപ്പം ഒട്ടേറെ രാജ്യങ്ങളില്‍ സന്തോഷ് സ്റ്റേജ് പ്രോഗ്രാമുകളില്‍ പങ്കെടുത്തിട്ടുണ്ട്. പരേതനായ കെ. ജോണിന്റെയും ലീലാമ്മയുടെയും മകനാണ് സന്തോഷ്. അമ്മ ലീലാമ്മയുടെ നൃത്തം പലപ്പോഴും സാമൂഹിക മാധ്യമത്തില്‍ വൈറലായിട്ടുണ്ട്. ഭാര്യ: ഷീന. മക്കള്‍: അലീന, ജോണല്‍.