സാന്ദ്ര തോമസിന്റെ പരാതി; ബി. ഉണ്ണികൃഷ്ണന്റെയും ആന്റോ ജോസഫിന്റെയും മൊഴി രേഖപ്പെടുത്തും
Saturday, January 25, 2025 12:47 PM IST
പൊതുജനമധ്യത്തില്‍ അപമാനിച്ചുവെന്ന നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് ആന്റോ ജോസഫ് എന്നിവരുടെ മൊഴി എറണാകുളം സെന്‍ട്രല്‍ പോലീസ് ഉടന്‍ രേഖപ്പെടുത്തും.
എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍ ഉണ്ണികൃഷ്ണന് ഒന്നാംപ്രതിയും ആന്റോ ജോസഫ് രണ്ടാം പ്രതിയുമാണ്. കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്.
ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയതിന്റെ പേരില്‍ ബി. ഉണ്ണികൃഷ്ണന് വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയില്‍നിന്ന് തന്നെ മാറ്റി നിര്‍ത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്. ബി. ഉണ്ണികൃഷ്ണന് തൊഴില്‍ മേഖലയില്‍നിന്നും തന്നെ മാറ്റി നിര്‍ത്തി. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെട്ടു, തൊഴില്‍ സ്വാതന്ത്രത്തിന് തടസം നിന്നതായും ഇനി ഒരു സിനിമ പോലും മലയാളത്തില്‍ നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ, നിര്‍മാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിനിമയുടെ തര്‍ക്ക പരിഹാരവുമായി ബന്ധപ്പെട്ട യോഗത്തില്‍ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ക്കെതിരേ പോലീസ് നേരത്തെ കേസെടുത്തിരുന്നു.
പിന്നാലെ സംഘടനയുടെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയില്‍നിന്ന് സാന്ദ്രയെ പുറത്താക്കി. എന്നാല്‍ ഇതിനെതിരേ സാന്ദ്ര തോമസ് കോടതിയെ സമീപിക്കുകയും പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.