ഷാഫി ചികിത്സ തേടിയത് കടുത്ത തലവേദനയെ തുടർന്ന്; സംവിധായകന്റെ നില അതീവഗുരുതരം
Saturday, January 25, 2025 11:30 AM IST
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന് ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫിയെ പ്രവേശിപ്പിച്ചിട്ടുള്ളത്.
കടുത്ത തലവേദനയെ തുടര്‍ന്ന് ഷാഫി ചികിത്സ തേടുകയും പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ ചെയ്യുകയും ചെയ്തു. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു ഷാഫി. ജനുവരി 16നാണ് സംവിധായകനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
നടന് മമ്മൂട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അടക്കമുള്ള പ്രമുഖര്‍ ആശുപത്രിയിലെത്തി ഷാഫിയെ സന്ദര്‍ശിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം ആശുപത്രിയിലുണ്ട്.
ഷാഫിക്ക് ലഭ്യമായ എല്ലാ ചികിത്സകളും നല്‍കുമെന്ന് അദ്ദേഹത്തെ സന്ദർശിച്ച ശേഷം സംവിധായകൻ ബി. ഉണ്ണികൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു. ഷാഫി മസ്തിഷ്ക രക്തസ്രാവത്തിനുള്ള ചികിത്സയിലാണെന്നും രോഗം ഉടന്‍ ഭേദമാകും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.