ചന്ദാമാമയില്‍ ചാക്കോച്ചനൊപ്പം തിളങ്ങിയ താരം; നടി മമത കുല്‍ക്കര്‍ണി സന്യാസം സ്വീകരിച്ചു
Saturday, January 25, 2025 10:25 AM IST
നടി മമത കുൽക്കർണി മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി സന്യാസം സ്വീകരിച്ചു. കിന്നർ അഖാഡയുടെ ഭാഗമായി സന്യാസദീക്ഷ സ്വീകരിച്ച മമത (52) യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. രണ്ടു വർഷമായി അഖാഡയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ടായിരുന്നു. ചടങ്ങുകളുടെ ഭാഗമായുള്ള പിണ്ഡബലി വെള്ളിയാഴ്ച കഴിഞ്ഞു.
ഏറെക്കാലമായി സിനിമാമേഖലയിൽനിന്നു വിട്ടുനിൽക്കുന്ന മമത വിവാഹത്തിനു ശേഷം കെനിയയിലാണു താമസിച്ചിരുന്നത്. 25 വർഷത്തിനുശേഷം ഈ മാസം ആദ്യമാണ് മമത ഇന്ത്യയിലെത്തിയത്.
മമതയ്ക്കും ഭർത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള 2,000 കോടി രൂപയുടെ ലഹരിമരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റിൽ റദ്ദാക്കിയിരുന്നു. 2016 ൽ താനെയിൽനിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ നടിക്കും ഭർത്താവിനും പങ്കുണ്ടെന്നായിരുന്നു കേസ്.
1991 ല്‍ സിനിമയിലെത്തിയ മമത കുല്‍ക്കര്‍ണിയുടെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്ന് സല്മാന് ഖാന് നായകനായ കര്ണ് അര്ജുന് ആണ്. 1999 ല്‍ കുഞ്ചാക്കോ ബോബന് നായകനായ 'ചന്ദാമാമ' എന്ന ചിത്രത്തിലൂടെ മലയാളത്തിലും മുഖം കാണിച്ചു.
2003 ല്‍ സിനിമ വിട്ടെങ്കിലും ലഹരിമരുന്ന് കേസിലടക്കം പ്രതിചേര്‍ക്കപ്പെട്ട് വിവാദത്തിലായി. ഒടുവില്‍ ഗ്ലാമര്‍ ലോകത്തോട് വിടപറഞ്ഞ് ആത്മീയ പാതയില്‍ സജീവമാകാനൊരുങ്ങുകയാണ് താരം.
സന്യാസം സ്വീകരിക്കാനൊരുങ്ങുകയാണെന്ന് മമ്ത ഇന്‍സ്റ്റഗ്രാമിലൂടെ നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. പ്രയാഗ്രാജിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കുമെന്നും അവര്‍ വ്യക്തമാക്കി.