ഷാഫിയെ കാണാൻ മമ്മൂട്ടിയെത്തി; സംവിധായകൻ അതീവ ഗുരുതരാവസ്ഥയിൽ
Saturday, January 25, 2025 8:26 AM IST
അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന സംവിധായകൻ ഷാഫിയെ കാണാൻ മമ്മൂട്ടി എത്തി. നിർമാതാക്കളായ രജപുത്ര രഞ്ജിത്ത്, ആന്റോ ജോസഫ് എന്നിവർക്കൊപ്പമാണ് മമ്മൂട്ടി ഷാഫിയെ സന്ദർശിക്കാൻ എത്തിയത്.
മമ്മൂട്ടിയുടെ കരിയറിൽ നാഴികകല്ലായ നിരവധി കഥാപാത്രങ്ങളെ നൽകിയ സംവിധായകനാണ് ഷാഫി. ഷാഫിയുടെ വെനീസിലെ വ്യാപാരി, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി തുടങ്ങിയ സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് സിനിമകളും വലിയ ബോക്സ് ഓഫീസ് ഹിറ്റുമായിരുന്നു.
അതേസമയം ഷാഫിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കരൾരോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാഫി വെന്റലേറ്ററിന്റെ സഹായത്തിലാണ് ജീവൻ നിലനിർത്തുന്നത്.