വീണ്ടും വിവാഹിതയായി സ്വാസിക; ഇത്തവണ തമിഴ് ആചാരപ്രകാരം
Friday, January 24, 2025 3:09 PM IST
നടി സ്വാസികയും ഭര്‍ത്താവ് പ്രേം ജേക്കബും വീണ്ടും വിവാഹിതരായി. ഒന്നാം വിവാഹവാർഷികദിനത്തിലാണ് തമിഴ് ആചാരപ്രകാരം ഇരുവരും വീണ്ടും വിവാഹം കഴിച്ചത്. വിവാഹത്തിന്റെ വീഡിയോ സ്വാസിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
""ഒരു വര്‍ഷം വളരെപ്പെട്ടെന്ന് കടന്നുപോയി. തമിഴ് ആചാരത്തില്‍ വീണ്ടും വിവാഹിതരാകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇത് മനോഹരമാക്കിത്തീര്‍ത്ത എല്ലാവര്ക്കും നന്ദി. ഷൂട്ട് ആണെങ്കിലും ഞങ്ങള്‍ രണ്ടുപേര്‍ക്കും ഇതൊരു യഥാർഥ കല്യാണമായി തോന്നി. എല്ലാവരോടും സ്നേഹം.”–പ്രേം ജേക്കബിന്റെ വാക്കുകൾ.
മനംപോലെ മംഗല്യം എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്. പൂജ വിജയ് എന്നാണ് യഥാർഥ പേര്.
2009ൽ വൈഗൈ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമാലോകത്തേക്കെത്തുന്നത്. 2010ൽ ഫിഡിൽ എന്ന സിനിമയിലൂടെ സ്വാസിക മലയാളത്തിലും തുടക്കമിട്ടു. ആ വർഷം തന്നെ ഗോരിപാളയം എന്ന തമിഴ് ചിത്രത്തിലും നായികയായി. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്.