പൊതുമധ്യത്തില്‍ അപമാനിച്ചെന്ന സാന്ദ്രാ തോമസിന്റെ പരാതി; ബി.ഉണ്ണികൃഷ്ണനെതിരേ കേസ്
Friday, January 24, 2025 10:16 AM IST
പൊതുമധ്യത്തില്‍ അപമാനിച്ചെന്ന നിർമാതാവ് സാന്ദ്രാ തോമസിന്റെ പരാതിയിൽ സംവിധായകൻ ബി.ഉണ്ണികൃഷ്ണനെതിരേ കേസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. നിർമാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി.
കോടതിയുടെ നിർദേശപ്രകാരമാണ് സാന്ദ്രയുടെ പരാതിയിൽ ഈ മാസം 16ന് പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 351(2) അനുസരിച്ചാണ് കേസ്.
ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി.ഉണ്ണികൃഷ്ണൻ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്.
സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെട്ടു, തൊഴിൽ സ്വാതന്ത്രത്തിന് തടസം നിന്നു തുടങ്ങിയ കാര്യങ്ങളും പരാതിയിൽ പറയുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, നിർമാതാക്കളുടെ സംഘടനയെ വിമർശിച്ച് സാന്ദ്ര രംഗത്തെത്തിയിരുന്നു. സിനിമയുടെ തർക്ക പരിഹാരവുമായി ബന്ധപ്പെട്ട യോഗത്തിൽ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.
ഇതിന് പിന്നാലെ സംഘടനയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കി. എന്നാൽ ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിച്ചതോടെ നടപടി കോടതി സ്റ്റേ ചെയ്തിരുന്നു.