ഇന്ത്യയ്ക്കു നിരാശ സമ്മാനിച്ച് ഓസ്കർ നോമിനേഷൻ; ആടുജീവിതം പുറത്ത്, തിളങ്ങി വിക്കെഡും എമിലിയ പെരേസും
Friday, January 24, 2025 8:42 AM IST
97ാമത് ഓസ്കർ നാമനിർദേശത്തിൽ തിളങ്ങി ഫ്രഞ്ച് ചിത്രമായ എമിലിയ പെരേസും ഹോളിവുഡ് ഫാന്റസി ചിത്രമായ വിക്കെഡും. അതേസമയം, ഓസ്കറിന്റെ പ്രഥമ പരിഗണന പട്ടികയിൽ ഇടം നേടിയിരുന്ന ആടുജീവിതം, കങ്കുവ, ഓൾ വീ ഇമാജിൻ അസ് ലൈറ്റ് എന്നീ ചിത്രങ്ങൾക്കു നിരാശയായിരുന്നു ഫലം.
ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ പ്രിയങ്ക ചോപ്രയും ഗുനീത് മോങ്കയും നിർമിച്ച ‘അനുജ’ ഇടം പിടിച്ചു.
ഹോളിവുഡ് ചിത്രങ്ങളെപോലും കടത്തിവെട്ടി 13 നോമിനേഷനുകളാണ് ജോക്ക് ഓഡിയാർഡ് സംവിധാനം ചെയ്ത ഈ ഫ്രഞ്ച് ചിത്രം വാരിക്കൂട്ടിയത്. ഈ ചിത്രത്തിലൂടെ മികച്ച നടിയായി മത്സരിക്കുന്ന കാർല സോഫിയ ഗാസ്കോൺ ഓസ്കർ നോമിനേഷൻ നേടുന്ന ആദ്യ ട്രാൻസ് അഭിനേതാവ് ആയും മാറി. പത്ത് നോമിനേഷനുകളുമായി ഹോളിവുഡ് മ്യൂസിക്കൽ ഫാന്റസി ചിത്രം വിക്കെഡ് ആണ് തൊട്ടു പുറകിൽ.
ഇന്ത്യന്‍ അമേരിക്കന്‍ ഹിന്ദി ഷോര്‍ട്ട് ഫിലിം അനുജയ്ക്ക് ഓസ്കര് നാമനിര്‍ദ്ദേശമുണ്ട്. ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലാണ് നാമനിര്‍ദ്ദേശം. മാര്‍ച്ച് രണ്ടിനാണ് അവാര്‍ഡ് പ്രഖ്യാപനം.
പ്രാഥമിക യോഗ്യത നേടിയ 323 ചിത്രങ്ങളുടെ പട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു. ഇതില്‍ 207 ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി മത്സരിക്കാം. 207 ചിത്രങ്ങളുടെ കൂട്ടത്തില്‍ ആറ് ഇന്ത്യന്‍ സിനിമകളും ഇടംനേടിയിരുന്നു.
ബ്ലെസി- പൃഥ്വിരാജ് ടീമിന്റെ ആടുജീവിതം, ശിവയുടെ സംവിധാനത്തില്‍ സൂര്യ നായകനായ കങ്കുവ, പായല്‍ കപാഡിയയുടെ സംവിധാനത്തില്‍ കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്, ശുചി തലാത്തി സംവിധാനം ചെയ്ത ഗേള്‍സ് വില്‍ ബി ഗേള്‍സ്, രണ്‍ദീപ് ഹൂദ സംവിധാനം ചെയ്ത് നായകനായ സ്വതന്ത്ര്യവീര്‍ സവര്‍ക്കര്‍, സന്തോഷ് (ഇന്ത്യ-യുകെ) എന്നിവയായിരുന്നു ചിത്രങ്ങള്‍.