പരിക്ക് വകവയ്ക്കാതെ ഒറ്റക്കാലിൽ രശ്മിക; ഇതാണ് പ്രഫഷണലിസമെന്ന് ആരാധകർ
Thursday, January 23, 2025 11:44 AM IST
കാലിലെ പരിക്ക് വകവയ്ക്കാതെ പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിനെത്തിയ നടി രശ്മിക മന്ദാനയെ പ്രശംസിച്ച് സഹപ്രവർത്തകരും പ്രേക്ഷകരും. നടിയുടെ ജോലിയോടുള്ള ആത്മാർഥതയെയാണ് ആരാധകർ പുകഴ്ത്തുന്നത്.
വിമാനത്താവളത്തിൽ വീൽ ചെയറിന്റെ സഹായത്തോടെ എത്തിയ രശ്മിക ട്രെയിലർ വേദിയിൽ എത്തിയത് ഒറ്റക്കാലിലാണ്. ‘‘ക്ഷമിക്കണം. എനിക്ക് ഇപ്പോൾ എത്താൻ കുറച്ചധികം സമയമെടുക്കും’’ എന്ന മുഖവുരയോടെയാണ് രശ്മിക വേദിയിലെത്തിയത്.
വിക്കി കൗശലും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ ഛാവയുടെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാനായാണ് കാലിൽ കെട്ടുമായി രശ്മിക എത്തിയത്. ഒരു സിനിമയ്ക്കായി ഇത്രയേറെ ആത്മാർഥത കാണിക്കുന്ന നായികയെ കണ്ടിട്ടേയില്ലെന്നാണ് ആരാധകർ പറയുന്നത്.
ജിമ്മിലെ പരിശീലനത്തിനിടയില്‍ വലതു കാലിന് പരിക്കേറ്റ വിവരം രശ്മിക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. വരുന്ന ആഴ്കളില്‍ അല്ലെങ്കില്‍ മാസങ്ങളില്‍ ഒറ്റ കാലില്‍ ആയിരിക്കും തന്റെ സഞ്ചാരമെന്നും രശ്മിക കുറിച്ചിരുന്നു.
പരിക്കേറ്റ കാലുമായി ട്രെയ്ലർ ലോഞ്ചിനെത്തിയ രശ്മികയ്ക്ക് കൈയടിക്കുകയാണ് ആരാധകർ. ഇതാണ് പ്രഫഷനലിസം എന്നാണ് അവർ പറയുന്നത്.