മമ്മൂട്ടിയെപ്പോലെ ബെൻസ് കാർ ഓടിച്ചുവന്നു എന്ന് വിമർശനം; ഇതിന്റെ പേരിൽ ക്രൂശിക്കരുതെന്ന് അസീസ് നെടുമങ്ങാട്
Thursday, January 23, 2025 9:21 AM IST
മമ്മൂട്ടിയുടെ സന്തതസഹചാരി ജോർജിന്റെ മകളുടെ വിവാഹത്തിന് ബെൻസ് കാറിൽ വന്നിറങ്ങുന്ന അസീസ് നെടുമങ്ങാടിന്റെ വീഡിയോ വൻതോതിൽ വൈറലായിരുന്നു. സത്കാരത്തിൽ പങ്കെടുക്കാൻ ബെൻസ് കാർ ഓടിച്ചെത്തിയ അസീസ് നെടുമങ്ങാട് എന്ന രീതിയിലാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയത്.
ഇതോടെ വീഡിയോ വൈറലാവുകയും താരത്തിന് നേരെ വലിയ വിമർശനങ്ങളടക്കം ഉയരുകയും ചെയ്തു. വിമർശനങ്ങൾ പരിധി വിട്ടതോടെ താൻ വന്നത് സുഹൃത്തിന്റെ കാറിലാണെന്ന വിശദീരണം വരെ കൊടുക്കേണ്ടി വന്നു താരത്തിന്.
മമ്മൂക്കയെ പോലെ ബെൻസ് കാർ ഓടിച്ച് ജോർജേട്ടന്റെ മകളുടെ വിവാഹത്തിന് അസീസ് നെടുമങ്ങാട് എത്തിയപ്പോൾ എന്ന ക്യാപ്ഷനോടെ വന്ന വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് വിമർശനങ്ങളുമായി എത്തിയത്. വീഡിയോയ്ക്ക് വിമർശന കമന്റുകൾ വന്നതോടെ അസീസ് വിശദീകരണവുമായി നേരിട്ട് എത്തി.
കാറിൽ വന്നത് ഇഷ്ടപ്പെടാത്ത സഹോദരങ്ങളേ, അത് എന്റെ കാർ അല്ല, ഒരു സുഹൃത്തിന്റെ കാർ ആണ്, ഇനി അതിന്റെ പേരിൽ ആരും എന്നെ ക്രൂശിക്കരുത്. അസീസ് കമന്റായി കുറിച്ചു.
അസീസ് കാറിൽ വന്നതിന് എന്തിനാണ് മമ്മൂട്ടിയോട് ഉപമിക്കുന്നത് എന്നും ഇത്തരത്തിൽ ക്യാപ്ഷൻ ഇട്ട് അസീസിന് നെഗറ്റീവ് കമന്റ് ഉണ്ടാക്കുന്നവരെയാണ് പറയേണ്ടതെന്നുമുള്ള കമന്റുകളുമായി നിരവധിപേരാണ് എത്തിയത്.
അസീസ് ബെൻസ് കാറിൽ വന്നതിന് അസൂയയുള്ളവരാണ് നെഗറ്റീവ് കമന്റ് ഇടുന്നതെന്ന തരത്തിൽ അസീസിനെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകളും വീഡിയോയുടെ താഴെയുണ്ട്.