പൊന്നാണ് പൊന്നമ്മച്ചി; ആരവങ്ങൾക്ക് നടുവിൽ പൊന്നമ്മച്ചിയെ ചേർത്തു നിർത്തി മോഹൻലാൽ
Wednesday, January 22, 2025 12:09 PM IST
ചെങ്ങന്നൂരിൽ നടന്ന കുടുംബശ്രീ ദേശീയ സരസ് മേളയുമായി ബന്ധപ്പെട്ട് നടന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായെത്തിയ നടൻ മോഹൻലാലിനെ പൂച്ചെണ്ട് കൊടുത്ത് സ്വീകരിച്ചത് ആ നാടിന്റെ സ്വന്തം പൊന്നമ്മച്ചിയാണ്. ചെങ്ങന്നൂർ നഗരസഭയിലെ മുതിർന്ന ഹരിതകർമ സേനാംഗം പൊന്നമ്മ ദേവരാജിനെ തേടി അപൂർവഭാഗ്യമായെത്തിയ അവസരം സമൂഹമാധ്യമങ്ങളിൽ ചർച്ചയുമായി.
പരിപാടിയുടെ മുഖ്യ സംഘാടകനായ മന്ത്രി സജി ചെറിയാനാണ് നടൻ മോഹൻലാലിനെ പൂച്ചെണ്ട് നൽകി സ്വീകരിക്കാൻ നഗരസഭയിലെ മുതിർന്ന ഹരിതകർമ സേനാംഗമായ പൊന്നമ്മ ദേവരാജിനെ തിരഞ്ഞെടുത്തത്.
കുടുംബശ്രീയുടെ പരിപാടിയിൽ എത്തുന്ന താരത്തെ സ്വീകരിക്കാൻ പൊന്നമ്മച്ചിയെക്കാൾ മികച്ചൊരാൾ വേറെയില്ലെന്ന് മന്ത്രി തീരുമാനിച്ചു. വലിയ ആരവങ്ങൾക്കിടെ വേദിയിൽ വച്ച് പൊന്നമ്മച്ചി മോഹൻലാലിന് പൂച്ചെണ്ടും പുസ്തകവും കൊടുത്തു. രണ്ടും നിറഞ്ഞ ചിരിയോടെ സ്വീകരിച്ച മോഹൻലാൽ പൊന്നമ്മച്ചിയെ ചേർത്തു നിർത്തിയതോടെ കരഘോഷവും ആരവവും പാരമ്യത്തിലെത്തി.
മോഹൻലാല്‍ ചേർത്തുപിടിച്ചതോടെ സന്തോഷം കൊണ്ട് പൊന്നമ്മച്ചിയുടെയും വേദിയിലും സദസിലുമായി കണ്ടു നിന്നവരുടെയും കണ്ണു നിറഞ്ഞു. തിരിഞ്ഞു നടക്കവെ സജി ചെറിയാനെയും മന്ത്രി എം.ബി രാജേഷിനെയും സന്തോഷക്കണ്ണീരോടെ പൊന്നമ്മ ആലിംഗനം ചെയ്തു.
തന്റെ പ്രസംഗത്തിൽ പൂച്ചെണ്ട് നൽകി സ്വീകരിച്ച പൊന്നമ്മച്ചിക്ക് മോഹൻലാൽ പ്രത്യേക നന്ദിയും പറഞ്ഞു. ചടങ്ങിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.