ആറു കുത്തേറ്റ്, നട്ടെല്ലിന് സർജറി കഴിഞ്ഞ സെയ്ഫിന് നടന്നു പോകാൻ കഴിഞ്ഞതെങ്ങെനെ? ചോദ്യങ്ങൾ ഉയരുന്നു
Wednesday, January 22, 2025 11:01 AM IST
ആറു തവണ ആക്രമിയുടെ കുത്തേറ്റ് നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ സെയ്ഫ് അലി ഖാൻ ആശുപത്രി വാസത്തിന് ശേഷം നടന്നു വീട്ടിലേയ്ക്ക് കയറിപ്പോകുന്നതിൽ ചോദ്യങ്ങൾ ഉയരുന്നു. ഇത്രയും ഗുരുതരമായി പരിക്കേറ്റ ഒരാൾ എങ്ങനെയാണ് തനിയെ പരസഹായമില്ലാതെ നടന്നുപോകാൻ സാധിക്കുന്നതെന്നാണ് പലയിടങ്ങളിൽ നിന്നുമുയരുന്ന ചോദ്യങ്ങൾ.
ആറു ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ഡിസ്ചാർജ് ആയി ചൊവ്വാഴ്ചയാണ് സെയ്ഫ് വീട്ടിലെത്തിയത്. വീട്ടിലേയ്ക്ക് കയറുന്നതിന് മുൻപ് പുറത്തുകൂടിയ ആരാധകരെ കൈവീശിക്കാണിക്കുന്ന സെയ്ഫിനെ വീഡിയോയിൽ കാണാം.
ആക്രമണത്തിൽ കഴുത്തിലും നട്ടെല്ലിനു സമീപവും ഉൾപ്പെടെ നടന് ആഴത്തിൽ കുത്തേറ്റുവെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. സെയ്ഫിന്റെ നട്ടെല്ലിന് സമീപത്തു തറച്ച കത്തിയുടെ ഭാഗങ്ങൾ പുറത്തെടുക്കാൻ ഒരു ന്യൂറോശസ്ത്രക്രിയ നടത്തിയെന്നും ഇതിനു പുറമേ ഒരു പ്ലാസ്റ്റിക് സർജറി കൂടിയുണ്ടായിരുന്നുവെന്നും മുംബൈ ലീലാവതി ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞിരുന്നു. ഒടിഞ്ഞ കത്തിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
ഇത്രയും ഗുരുതര പരിക്കേറ്റ മനുഷ്യൻ ഒരാഴ്ച കൊണ്ട് എങ്ങനെ എഴുന്നേറ്റു നടന്നുവെന്നാണ് എക്സ് പ്ലാറ്റ്ഫോമിൽ ഉൾപ്പടെ ഉയരുന്ന ചോദ്യം. ആശുപത്രി വിട്ട് വീട്ടിലെത്തിയ താരം വീടിന് പുറത്ത് കൂടി നിന്നവരെ അഭിവാദ്യം ചെയ്യുന്നത് കാണാമായിരുന്നു. സ്ട്രച്ചറിന്റെ പോലും സഹായമില്ലാതെ സ്വയം നടന്നാണ് താരം വീട്ടിലേക്കു കയറിയത്.
കൈയില്‍ ഒരു ബാന്‍ഡേജും കഴുത്തില്‍ മുറിവേറ്റതിന്റെ അടയാളവും ദൃശ്യമാണ്. എന്നാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും പ്രത്യേകിച്ചു കാണാനുമില്ലെന്ന് വിമർശകർ പറയുന്നു. ഇതെല്ലാം വെറും പിആർ സ്റ്റണ്ട് ആണെന്നും പോലീസും രാഷ്ട്രീയക്കാരും ചേർന്ന് സിനിമാക്കാർക്കൊപ്പം മികച്ചൊരു തിരക്കഥ മെനയുകയാണ് ചെയ്യുന്നതെന്നും ഇവർ പറയുന്നു.
വ്യാഴാഴ്ച പുലർച്ചെയാണു ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ മോഷണത്തിനെത്തിയ ഒരാൾ സെയ്ഫിനെ കുത്തിയത്. ആക്രമണത്തിൽ കഴുത്തിലും നട്ടെല്ലിനു സമീപവും ഉൾപ്പെടെ നടന് ആഴത്തിൽ കുത്തേറ്റു. ഉടനെ ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയായിരുന്നു.