ഇപ്പോഴും 450 സ്ക്രീനുകളിൽ പ്രദർശനം; ‘മാർക്കോ’ ബിസിനസ് കളക്ഷൻ പുറത്തുവിട്ട് നിർമാതാക്കള്‍
Tuesday, January 21, 2025 3:23 PM IST
മാർക്കോ സിനിമയുടെ ഔദ്യോഗിക കളക്ഷൻ പുറത്തുവിട്ട് നിർമാതാക്കളായ ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്. 115 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ ആകെ ബിസിനസ് കളക്ഷൻ. ഇപ്പോഴും ലോകമൊട്ടാകെ 450 സ്ക്രീനുകളിൽ സിനിമ പ്രദർശനം തുടരുകയാണ്.
ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വർഷത്തെ സെൻസേഷനൽ ഹിറ്റുകളിൽ ഒന്നായിരുന്നു. നൂറ് കോടി ക്ലബിലെത്തുന്ന ഉണ്ണി മുകുന്ദന്റെ രണ്ടാം ചിത്രമാണ് മാർക്കോ. 2022ൽ പുറത്തിറങ്ങിയ മാളികപ്പുറം ആയിരുന്നു ആദ്യത്തേത്. റിലീസ് ചെയ്ത മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം നിറഞ്ഞ സദസിൽ മാർക്കോ പ്രദർശനം തുടരുകയാണ്.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്.
മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്റ് ചിത്രമായ 'മാർക്കോ'യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.