വിയറ്റ്നാം കോളനിയിലെ റാവുത്തര്‍; നടന് വിജയ രംഗരാജു അന്തരിച്ചു
Tuesday, January 21, 2025 10:31 AM IST
വിയറ്റ്നാം കോളനിയിലെ റാവുത്തര്‍ എന്ന കഥാപാത്രം അവതരിപ്പിച്ച തെലുങ്ക് നടന് വിജയ രംഗരാജു (70) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികില്‍സ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം.
തെലുങ്ക്, മലയാളം സിനിമകളിലായി വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ വിജയരംഗരാജു നിരവധി സഹനടന്റെ വേഷങ്ങളും ചെയ്തു.
നന്ദമുരി ബാലകൃഷ്ണയുടെ ഭൈരവ ദ്വീപം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. അഭിനയത്തിന് പുറമെ ബോഡി ബില്‍ഡിംഗ്, ഭാരോദ്വഹനം മേഖലകളിലും വിജയ രംഗരാജു സജീവമായിരുന്നു.
1992ൽ പുറത്തിറങ്ങിയ മോഹൻലാൽ -സിദ്ദീഖ് ലാൽ ചിത്രത്തിലെ വിജയ രംഗരാജുവിന്റെ റാവുത്തർ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.