ഉണ്ണിയാർചയും അപ്പുണ്ണിയും വൈശാലിയുമെല്ലാം കൺമുന്നിൽ; എംടിയുടെ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ച് അരുവിത്തറ കോളജ്
Monday, January 20, 2025 3:33 PM IST
എം.ടി. വാസുദേവൻനായരുടെ കാലാതീതരായ കഥാപാത്രങ്ങൾക്ക് പുനരാവിഷ്കരണം നൽകി അരുവിത്തുറ സെന്റ് ജോർജ് കോളജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്. എംടിയുടെ മികച്ച ഒൻപത് കഥാപാത്രങ്ങളാണ് പുനരാവിഷ്കരിച്ച് വേദിയിൽ എത്തിയത്.
ഉണ്ണിയാർച്ച, ചന്തു, വിമലാദേവി, അപ്പുണ്ണി, വൈശാലി, വേലായുധൻ, ഇന്ദിരാ, പെരുന്തച്ചൻ തുടങ്ങിയ കഥാപാത്രങ്ങൾ തങ്ങളുടെ കഥാപരിസരത്തു തന്നെ പുനരവതരിക്കപ്പെട്ടപ്പോൾ വിദ്യാർഥികൾക്കതൊരു നവ്യാനുഭവമായി മാറി.
കാലാതീതൻ എന്ന പേരിട്ട അനുസ്മരണ പരിപാടിയിൽ കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സി.ബി. ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മലയാളവിഭാഗം മേധാവി ഡോ. അനീറ്റാ ഷാജി എം ടി അനുസ്മരണം നടത്തി. കോളജ് ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഡോ. നീനു മോൾ സെബാസ്റ്റ്യൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.