ഇവരാണ് ആ ചേട്ടൻമാർ, ആകാശത്തുനിന്നും ഷൂട്ട് ചെയ്യുന്നവർ; "പച്ചക്കുയിലുകളെ' പരസ്യമാക്കി മാളവിക മേനോൻ
Monday, January 20, 2025 9:08 AM IST
തന്നെ വട്ടമിട്ട് പൊതിയുന്ന ഓൺലൈൻ വീഡിയോ സംഘത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് നടി മാളവിക മേനോൻ. വീഡിയോ ഷൂട്ട് ചെയ്യാനെത്തിയ സംഘത്തിന്റെ വീഡിയോ സ്വന്തം മൊബൈലിൽ ചിത്രീകരിച്ചാണ് മാളവിക ഇത്തരം സംഘത്തിനെതിരെ ആഞ്ഞടിച്ചത്.
താൻ വീഡിയോ എടുക്കാൻ കാമറ ഓൺ ചെയ്തപ്പോൾ അവരിൽ പലരും ഓടിയൊളിച്ചുവെന്നും തന്നെപ്പോലുള്ള ആർടിസ്റ്റുകളെ പല ആംഗിളിൽ ഷൂട്ട് ചെയ്തു വിഡിയോ ഇടുന്നവരുടെ ധൈര്യം ഇത്രയേ ഉള്ളൂ എന്നും മാളവിക പറയുന്നു.
കൂട്ടുകാരെ, ഇതാണ് ഞാൻ ആ പറഞ്ഞ ടീംസ്. പാവങ്ങളാ എല്ലാവരും. എപ്പോഴും നിങ്ങൾ അല്ലെ എല്ലാവരെയും ഷൂട്ട് ചെയ്യുന്നത്. ഇന്നു നിങ്ങൾക്കുവേണ്ടി ഞാനത് ചെയ്യാം. എല്ലാവരെയും കിട്ടിയില്ല, കാമറ ഓൺ ചെയ്തപ്പോഴേക്കും പലരും ഓടി. നിങ്ങൾ കാമറ വച്ചു ആകാശത്തു നിന്നും ഷൂട്ട് ചെയ്യുമ്പോൾ ഞങ്ങൾ ഒക്കെ അപ്പോ എന്താ ചെയ്യേണ്ടത്?’’ എന്നായിരുന്നു മാളവികയുടെ പ്രതികരണം. ഈ വീഡിയോ ഒരു സ്റ്റോറി ആയി സ്വന്തം സമൂഹമാധ്യമ അക്കൗണ്ടിൽ താരം പങ്കുവച്ചിരുന്നു.
‘‘ഞാൻ ആ സ്റ്റോറി ഒരു തമാശ ആയി ഇട്ടതാണ്. എന്റെ വീഡിയോ പകർത്താൻ വന്ന അവരെ ഞാൻ ഒന്ന് ഷൂട്ട് ചെയ്യാം എന്ന് കരുതി. പക്ഷേ, എല്ലാവരെയും കിട്ടിയില്ല. ഫോൺ എടുത്തപ്പോൾ എല്ലാവരും ഓടി. ഇത്ര പേടി ഉള്ളവരാണോ ഞങ്ങളുടെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടുന്നത്. അവരെല്ലാം പാവങ്ങൾ ഒക്കെയാണ്. അവർ അവരുടെ ജോലി ചെയ്യുന്നു. അവരെക്കൊണ്ടു പോസിറ്റീവും നെഗറ്റീവും ഉണ്ടായിട്ടുണ്ട്. ഞാൻ ഒരു തമാശയ്ക്കാണ് വീഡിയോ എടുത്തത്.
നമ്മൾ ഓരോ പരിപാടിക്ക് വേണ്ടി, ആ സാഹചര്യത്തിന് ചേരുന്ന വസ്ത്രം ധരിച്ചു പോകുന്നു. ഇവർ അതു ഷൂട്ട് ചെയ്ത് അവർക്ക് തോന്നുന്ന ക്യാപ്ഷൻ കൊടുത്ത് പോസ്റ്റ് ചെയ്യുന്നു. ആളുകൾ ആ വീഡിയോയ്ക്ക് താഴെ വന്ന് അവർക്ക് തോന്നുന്ന കമന്റ് ഇടുന്നു.
ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവർക്കും അവരവരുടെ ജോലി പ്രധാനമാണ്. എനിക്കും അതുപോലെ തന്നെ. കമന്റ് ഇടുന്നവർ അത് അറിയുന്നില്ല. ഒരു പണിയും ഇല്ലാത്തവരാണ് കമന്റ് ഇടാനായി ഇരിക്കുന്നത്. അല്ലാതെ ജോലിയും അതിന്റെ ടെൻഷനും ആയി ജീവിക്കുന്നവരൊന്നും ഇതിനു വേണ്ടി ഇരിക്കില്ല. ഈ കമന്റുകൾ ഒന്നും വായിക്കാതിരിക്കുകയാണ് വേണ്ടത്, ഞാൻ ഇപ്പോൾ ഇതൊന്നും വായിക്കാൻ പോകാറില്ല.
മറ്റുള്ള രാജ്യങ്ങളിലോ, കേരളത്തിനു പുറത്തോ പോകുമ്പോൾ പോലും ഇത്ര പ്രശ്നം ഇല്ല. അവിടെയൊക്കെ ആളുകൾ നോർമൽ ആയി ധരിക്കുന്ന വസ്ത്രമാണ് ഇവിടെ ഞങ്ങളൊക്കെ ധരിക്കുന്നത്. അതൊരു സിനിമാതാരം ചെയ്യുന്നത് കൊണ്ട് അവരെ എന്തും പറയാം എന്നാണ് പലരുടെയും ധാരണ. എന്തു വസ്ത്രം ധരിക്കാനും സ്വന്തം അഭിപ്രായം പറയാനും ഒക്കെ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ, അത് മറ്റുള്ളവരെ വേദനിപ്പിച്ചു കൊണ്ടാകരുത്.
വീഡിയോ എടുക്കുന്നവരോട് എനിക്ക് പരാതി ഒന്നും ഇല്ല. അതുകൊണ്ടല്ല അവരുടെ വീഡിയോ എടുത്തത്. നമ്മൾ എല്ലാം ഒരേ സ്ഥലത്ത് പല ജോലികൾ ചെയ്തു ജീവിക്കുന്ന ആൾക്കാരല്ലേ? എല്ലാവരും സഹകരണ മനോഭാവത്തോടെ ജോലി ചെയ്യുന്നതാണ് നല്ലത്. അല്ലാതെ മറ്റുള്ളവരെ തെറി കേൾപ്പിച്ചു കൊണ്ടാകരുത്.
എനിക്ക് ഓൺലൈൻ മീഡിയയെ കൊണ്ട് ഗുണവും ഉണ്ടായിട്ടുണ്ട്. അടുത്തിടെ ഒരു പരിപാടിക്ക് പോയപ്പോൾ വലിയ ജനക്കൂട്ടം ആയിരുന്നു. എനിക്ക് കടന്നുപോകാൻ പറ്റുന്നുണ്ടായില്ല. അന്ന് എന്റെ മുന്നിൽ ഉണ്ടായിരുന്ന ഓൺലൈൻ മീഡിയ ചേട്ടന്മാർ അവരുടെ കാമറ മാറ്റി വച്ചിട്ട് ജനക്കൂട്ടത്തെ ഒതുക്കി എനിക്കു കടന്നുപോകാനുള്ള സൗകര്യം ഉണ്ടാക്കി തന്നു.
എനിക്ക് അന്ന് വലിയ സന്തോഷവും ആശ്വാസവുമാണ് തോന്നിയത്. അവർ വണ്ടിയൊക്കെ ഓടിച്ച് അവിടെ വരുന്നത് ഈ വീഡിയോ ചിത്രീകരണം അവരുടെ ഉപജീവനമാർഗം ആയതുകൊണ്ടായിരിക്കും. എല്ലാവരും അവരുടെ ജോലി ആണ് ചെയ്യുന്നത്. അതുപോലെയാണ് ഞാനും എന്നെപ്പോലെയുള്ള സിനിമാ താരങ്ങളും. മോശം കമന്റ് ഇടുന്നവർ അതുകൂടി മനസിലാക്കുക,’’ മാളവിക മേനോൻ വീഡിയോയ്ക്ക് വിശദീകരണമായി പറഞ്ഞു.