ഈ ചിത്രം നിങ്ങൾ ഒരിക്കലും തിയറ്ററിൽ മിസ് ചെയ്യരുത്; രേഖചിത്രത്തെ പ്രശംസിച്ച് ദുൽഖർ
Monday, January 20, 2025 8:44 AM IST
ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ആസിഫ് അലി ചിത്രം രേഖാചിത്രത്തെ പ്രശംസിച്ച് ദുൽഖർ സൽമാൻ. അവിശ്വസനീയമായ പ്രകടനമാണ് ആസിഫ് അലി സിനിമയിൽ കാഴ്ച വച്ചതെന്നും ഈ സിനിമയിലും കഥാപാത്രത്തിലും ഹൃദയം അർപ്പിച്ചതിന് താരം മുഴുവൻ സ്നേഹവും അർഹിക്കുന്നുണ്ടെന്നും ദുൽഖർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
""രേഖാചിത്രം എന്ന ഗംഭീര സിനിമ കണ്ടു. ആരെങ്കിലും ഈ സിനിമ കാണാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ മറക്കാതെ തിയറ്ററിൽ പോയി കാണുക. ഇതൊരു ത്രില്ലറാണ്. ഇതിൽ നിഗൂഢതയുണ്ട്. മലയാളം സിനിമാപ്രേമികൾക്ക് മാത്രം ആസ്വദിക്കാൻ കഴിയുന്ന ഗൃഹാതുരത്വമുണ്ട്. ഒപ്പം എന്റെ പ്രിയപ്പെട്ട ചില അഭിനേതാക്കളുടെ ചില അവിശ്വസനീയമായ പ്രകടനങ്ങളും!
ഈ സിനിമയിലും കഥാപാത്രത്തിലും മനസ് അർപ്പിച്ചതിന് ആസിഫ് എല്ലാ സ്നേഹവും അർഹിക്കുന്നു. നിരപരാധിയായ ഇരയുടെ മരണത്തിനു പിന്നിലെ നിഗൂഢത പുറത്തു കൊണ്ടുവരുന്നതിനും അവർക്ക് നീതി ലഭ്യമാക്കുന്നതിനു വേണ്ടിയുമുള്ള പരിശ്രമങ്ങളിലെ നിരാശയും വേദനയും മനോധൈര്യവും ഞങ്ങളെ താങ്കളുടെ കാഴ്ചക്കാരാക്കി!
അനശ്വര... താങ്കൾ രേഖയെ അവതരിപ്പിച്ചതിൽ ഒരുപാടു പ്രതീക്ഷയും നിഷ്കളങ്കതയും ഉണ്ടായിരുന്നു. മനോജേട്ടാ... വിൻസന്റായി നിങ്ങൾ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ശരിക്കും ഭയപ്പെടുത്തുന്ന വിൻസന്റ്! ബാക്കിയുള്ള അഭിനേതാക്കളും ഗംഭീരമായിരുന്നു.
സിനിമയിലെ ഓരോ അഭിനേതാക്കളും അവരുടെ കഥാപാത്രങ്ങളോടു നീതി പുലർത്തി. ജോഫിൻ, അപ്പു, മുജീബ്, ഷമീർ, സമീറ തുടങ്ങി സിനിമയുടെ മുഴുവൻ സാങ്കേതിക സംഘത്തിന്റെയും പ്രകടനം മാതൃകാപരമായിരുന്നു, ഇനിയും ഇത്തരം ഗംഭീര വർക്കുകൾ മലയാള സിനിമയിലേക്ക് കൊണ്ടുവരാൻ നിങ്ങൾക്കു കഴിയട്ടെ.'' ദുൽഖർ പറഞ്ഞു.