സന്തോഷ് കീഴാറ്റൂരിന്റെ ടെൻ നയൻ എയ്ട്ട് ഇന്നുമുതൽ തിയറ്ററുകളിൽ
Friday, January 17, 2025 3:20 PM IST
സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, രാജേഷ് പൂന്തുരുത്തി, രജത് രാജൻ, അനു റാം, മോനിഷ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഗുരു ഗോവിന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ടെൻ നയിൻ എയ്ട്ട് എന്ന ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുന്നു. വെള്ളിയാഴ്ച തിയറ്ററിലെത്തിയ ചിത്രത്തിന്റെ ആദ്യപ്രദർശനത്തിന് ശേഷം പോസിറ്റീവ് അഭിപ്രായങ്ങളാണ് വരുന്നത്.
ചൈൽഡ് ഹെൽപ്ലൈനിലേക്ക് ഒരു അജ്ഞാത ഫോൺ കാൾ വരുന്നിടത്തു നിന്നാണ് ചിത്രത്തിന്റെ യാത്ര തുടങ്ങുന്നത്. ദളിത് പാരമ്പര്യമുള്ള ഒരു ബംഗാളി-മലയാളി വിദ്യാർത്ഥിയെ ഗ്രാമീണ സർക്കാർ സ്കൂളിൽ നിന്ന് വ്യക്തമായ കാരണമില്ലാതെ പുറത്താക്കുന്നു. ഇതിനെതിരെ ചൈൽഡ് ലൈനിന് പരാതി ലഭിക്കുകയും അവർ അന്വേഷണം ആരംഭിക്കുകയും ചെയ്യുന്നു.
അന്വേഷണത്തിൽ സാമൂഹികവും രാഷ്ട്രീയവുമായ ചില കാരണങ്ങൾ കണ്ടെത്തുകയും വിദ്യാർത്ഥിയെ പുറത്താക്കിയതിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം വെളിപ്പെടുത്തുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
മെറ്റാമോർഫോസിസ് മൂവീ ഹൗസിന്റെ ബാനറിൽ ജയചിത്ര സി. നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രിയൻ നിർവഹിക്കുന്നു. സംഗീതം - ഹരിമുരളി ഉണ്ണികൃഷ്ണൻ, എഡിറ്റർ - രഞ്ജിത്ത് പുത്തലത്ത്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ - പി. ശിവപാൽ, പ്രൊഡക്ഷൻ കൺട്രോളർ-ശ്രീകാന്ത് രാഘവ്, കല-ഷെബി ഫിലിപ്പ്, മേക്കപ്പ്-സുനിത ബാലകൃഷ്ണൻ, വസ്ത്രാലങ്കാരം-അനു ശ്രീകുമാർ, സ്റ്റിൽസ്-മനു കാഞ്ഞിരങ്ങാട്, അസോസിയേറ്റ് ഡയറക്ടർ-വിനീഷ് കീഴറ, അപർണ കരിപ്പൂൽ, കളറിസ്റ്റ്-ജിതിൻ കുംബുകാട്ട്, സൗണ്ട് ഡിസൈൻ-എം. ഷൈജു, ആർട്ട് അസോസിയേറ്റ്-ശ്രീജിത്ത് പറവൂർ.