നാട്യങ്ങളും കെട്ടുകാഴ്ചകളുമില്ലാതെ
ഋഷി
Friday, January 10, 2025 2:42 PM IST
തൃശൂരിലെ പൂങ്കുന്നം ശിവക്ഷേത്രത്തിനുമുന്നിൽ പച്ചക്കറി വിൽക്കുന്ന ഉന്തുവണ്ടിക്കരികിൽ വൈകുന്നേരം സഞ്ചിയുമായി കാത്തുനിൽക്കുന്ന ജയചന്ദ്രനെ സങ്കൽപ്പിച്ചുനോക്കൂ. തിരക്കൊന്നുമില്ലാതെ, ആദ്യമെത്തിയവരുടെ ഊഴം കഴിയുന്നതുവരെ കാത്തുനിൽക്കുന്ന പി. ജയചന്ദ്രൻ എന്ന ഗായകൻ അദ്ഭുതംതന്നെയായിരുന്നു.
നാട്യങ്ങളും കെട്ടുകാഴ്ചകളുമില്ലാത്ത സാധാരണക്കാരൻ. പറയാനുള്ളതു മുഖത്തുനോക്കിപ്പറഞ്ഞു. പാടാനുള്ളതു ഭാവങ്ങളുൾക്കൊണ്ടു പാടി. നല്ല പച്ചക്കറി കിട്ടുമെന്നതുകൊണ്ടു പൂങ്കുന്നത്തെത്തുന്ന ഉന്തുവണ്ടിക്കരികിൽ സാധാരണക്കാരിൽ സാധാരണക്കാരനായി ജയചന്ദ്രൻ നിൽക്കുന്നത് എത്രയോവട്ടം കണ്ടിട്ടുണ്ട്.
മലയാളവും തമിഴും കന്നഡയുമടക്കം ദക്ഷിണേന്ത്യ ആരാധിക്കുന്ന ശബ്ദത്തിന്റെ ഉടമയെന്ന ഭാവമില്ലാതെ, ജയചന്ദ്രൻ മണ്ണിലുറച്ചുനിന്നു. പച്ചക്കറി വാങ്ങി സഞ്ചിയുംതൂക്കി നടന്നുപോയശേഷമാണ് മറ്റ് ആളുകൾ സംശയത്തോടെ 'ഇതു ജയചന്ദ്രനല്ലേ'- എന്നു വില്പനക്കാരനോടു ചോദിക്കാറ്.
"ഗായകൻ ജയചന്ദ്രനല്ലേ'?- എന്നു നേരിട്ടു ചോദിച്ചാൽ എന്താകും പ്രതികരണമെന്ന് അറിയാവുന്നതുകൊണ്ടു പലരും ചോദിക്കാറില്ല. ഒരിക്കൽ മീശ പിരിച്ചുവച്ചതുകണ്ട ആരാധകൻ 'മീശ ഇങ്ങനെ പിരിച്ചുവച്ചതു ഭംഗിയായില്ല' എന്നു പറഞ്ഞയുടൻ മറുപടിവന്നു -'എന്റെ മീശ എന്റെ മുഖത്തല്ലേ? തന്റെ മുഖത്തല്ലല്ലോ'! മീശയെക്കുറിച്ചു പറഞ്ഞയാൾ ഒന്നുംമിണ്ടാതെ മടങ്ങിയെന്നാണു കഥ. ഇതു കഥയല്ല, നടന്ന സംഭവമാണെന്നു ജയചന്ദ്രന്റെ സുഹൃത്തുക്കളിൽ പലരും പറഞ്ഞിട്ടുണ്ട്.
പ്രണയാർദ്രമായി പാടാൻ കഴിയാതിരുന്ന ജയചന്ദ്രനോടു 'പോയി പ്രണയിച്ചിട്ടു വാടാ'- എന്നു ദേവരാജൻമാസ്റ്റർ ചൂടായ കഥയും കേട്ടിട്ടുണ്ട്. അന്നു പാടാൻ കഴിയാതിരുന്ന ജയചന്ദ്രനാണ് അനുരാഗം തുളുന്പുന്ന ഗാനങ്ങൾകൊണ്ടു നിരവധി പ്രണയാർദ്രമനസുകളെ വശീകരിച്ചെടുത്തത്.
സർവകലകളോടും കന്പമുണ്ടായിരുന്നെങ്കിലും സംസാരപ്രിയനായിരുന്നില്ല ജയചന്ദ്രനെന്നു പലരും പറയാറുണ്ട്. വിസ്തരിച്ചുപാടുന്പോഴും സംസാരം ആറ്റിക്കുറുക്കി. കോവിഡ് ലോക്ഡൗണ് കാലത്ത് 'ജയേട്ടാ, എന്തു ചെയ്യുന്നു' എന്ന ചോദ്യത്തിന്, 'നിങ്ങളൊക്കെ പുറത്തിറങ്ങി നടക്കുകയാണോ' എന്നായിരുന്നു മറുചോദ്യം.
ഞാനിവിടെ പാട്ടുംപാടി വെറുതേയിരിക്കുന്നു എന്ന് അനുപല്ലവി! ലോക്ഡൗണിന്റെ മടുപ്പിനെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്നു ചോദിച്ചപ്പോൾ ഒന്നും പറയാനില്ലെന്നുപറഞ്ഞു സംസാരം അവസാനിപ്പിച്ചയാളാണു ജയചന്ദ്രൻ. എന്നാൽ, പ്രിയപ്പെട്ടവരുടെ അരികിലെത്തുന്പോൾ ജയചന്ദ്രൻ മറ്റൊരാളായി മാറി.