മാർക്കോ ഗംഭീരമെന്ന് അല്ലു അർജുൻ; സംവിധായകനെ നേരിട്ടുവിളിച്ച് അഭിനന്ദനം
Thursday, January 9, 2025 12:35 PM IST
ഇന്ത്യയൊട്ടാകെ തരംഗമാകുന്ന മലയാള ചിത്രം മാർക്കോയെ പ്രശംസിച്ച് തെന്നിന്ത്യൻ സൂപ്പർതാരം താരം അല്ലു അർജുൻ. സംവിധായകൻ ഹനീഫ് അദേനിയെ നേരിട്ടു വിളിച്ചാണ് താരം മാർക്കോ സിനിമയുടെ ടീമിനോടുള്ള അഭിനന്ദനം അറിയിച്ചത്. സിനിമ കണ്ടുവെന്നും നന്നായി ആസ്വദിച്ചെന്നും അല്ലു അർജുൻ പറഞ്ഞു.
ചിത്രത്തിന്റെ പ്രൊഡക്ഷൻ ക്വാളിറ്റിയെക്കുറിച്ചും സിനിമയുടെ മേക്കിംഗിലെ താരം പരാമർശിച്ചു. മാർക്കോയിലെ ഉണ്ണി മുകുന്ദന്റെ ആക്ഷൻ പാക്ക്ഡ് പ്രകടനത്തെ പ്രശംസിച്ച അല്ലു അർജുൻ, സംവിധായകൻ ഹനീഫ് അദേനിയെ തന്റെ ഹൈദരാബാദിലെ വസതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സിനിമയുടെ അണിയറപ്രവർത്തകരെയും പ്രത്യേകം അഭിനന്ദിച്ച താരം ഏറെ നേരം ഹനീഫുമായി ഫോണിൽ സംസാരിച്ചു.
അതേസമയം ആഗോള കലക്ഷനില്‍ നൂറ് കോടി നേടി ഉണ്ണി മുകുന്ദൻ–ഹനീഫ് അദേനി ചിത്രം മാർക്കോ ബോക്സ്ഓഫിസിൽ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. തെലുങ്കിൽ നിന്നു മാത്രം അഞ്ച് കോടിയാണ് ചിത്രം വാരിക്കൂട്ടിയത്.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്.
മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്റ് ചിത്രമായ മാർക്കോയ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.