അപ്പയെ ഇനിയും അനുകരിക്കണം, ഇത് അഭ്യർഥനയാണ്: കോട്ടയം നസീറിനോട് ചാണ്ടി
Tuesday, January 7, 2025 4:34 PM IST
ഉമ്മൻകോട്ടയം നസീറിനോട് ഉമ്മൻ ചാണ്ടിയെ ഇനിയും അനുകരിക്കണമെന്ന് അഭ്യർഥിച്ച് ചാണ്ടി ഉമ്മൻ. തന്റെ അപ്പയെ മനോഹരമായി അനുകരിക്കുന്ന വ്യക്തിയാണ് കോട്ടയം നസീറെന്നും അതു കാണുന്നത് തനിക്കു സന്തോഷമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉബൈനി സംവിധാനം ചെയ്യുന്ന ‘ശുക്രൻ’ എന്ന സിനിമയുടെ പൂജാ ചടങ്ങിലാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. ബിബിൻ ജോർജും ചന്തുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് ശുക്രൻ. ചിത്രത്തിൽ കോട്ടയം നസീറും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
‘‘അപ്പയെ മനോഹരമായി അനുകരിക്കുന്ന കലാകാരനാണ് കോട്ടയം നസീർ. കുറച്ചു നാൾ മുമ്പ് നസീർ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോൾ എന്റെ ശ്രദ്ധയിൽ വരുന്നത്. ‘ഞാനിനി ഉമ്മൻ ചാണ്ടി സാറിനെ അനുകരിക്കില്ല’ എന്ന് നസീർ പറഞ്ഞിരുന്നു.
അതിനു ശേഷം നസീറിനെ നേരിട്ട് കാണുന്നത് ഇപ്പോഴാണ്. എന്റെ അപ്പയെ ഇനിയും നിങ്ങൾ അനുകരിക്കണം. അഭ്യർഥനയാണ്. മനുഷ്യ മനസിൽ ഇന്നും ജീവിക്കുന്ന മനുഷ്യനാണ് എന്റെ അപ്പ. അദ്ദേഹത്തെ അനുകരിക്കുന്നതു കാണുന്നത് ഏറെ സന്തോഷമാണ്''. ചാണ്ടി പറഞ്ഞു. കോട്ടയം നസീറിനെ ചേർത്തു പിടിച്ചുകൊണ്ടായിരുന്നു ചാണ്ടി ഉമ്മന്റെ വാക്കുകൾ.