കൂമന് ശേഷം വീണ്ടും ആസിഫ് അലിയും ജീത്തു ജോസഫും; മിറാഷ് ടൈറ്റിൽ
Tuesday, January 7, 2025 2:33 PM IST
കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്നു. മിറാഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ഈ മാസം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത് ആസിഫ് അലിയും അപർണ ബാലമുരളിയുമാണ്.
സെവൻ വൺ സെവൻ പ്രൊഡക്ഷൻസിന്റെയും ബെഡ് ടൈം സ്റ്റോറീസിന്റെയും സഹകരണത്തോടെ ഇ ഫോർ എക്സ്പെരിമെന്റ്സും നാദ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മുകേഷ് ആർ. മെഹ്താ, ജതിൻ എം. സേതി, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Fades as you get closer എന്ന ടാഗ് ലൈനോടെയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നത്. ഹക്കീം ഷാ, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അണിയറക്കാർ പുറത്തുവിട്ടിട്ടില്ല.