ഓസ്കർ അവാർഡ്സ്; മികച്ച ചിത്രത്തിനുള്ള പ്രഥമ പരിഗണന പട്ടികയിൽ ആടുജീവിതവും കങ്കുവയും
Tuesday, January 7, 2025 12:56 PM IST
മികച്ച ചിത്രത്തിനായുള്ള ഓസ്കർ അവാർഡ്സ് പ്രഥമ പരിഗണന പട്ടികയിൽ ഇടംനേടി പൃഥ്വിരാജ്–ബ്ലെസി ചിത്രം ആടുജീവിതം. പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, സൂര്യയുടെ കങ്കുവ, രൺദീപ് ഹൂഡയുടെ സ്വതന്ത്ര വീർ സവര്‍ക്കര്‍, സന്തോഷ്(ഇന്ത്യ–യുകെ), ബാൻഡ് ഓഫ് മഹാരാജാസ് എന്നീ ഇന്ത്യൻ സിനിമകൾ.
323 സിനിമകളാണ് മികച്ച ചിത്രത്തിനായുള്ള ഓസ്കർ മത്സരത്തിനായി അപേക്ഷകൾ അയച്ചത്. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 207 സിനിമകളിൽ ആടുജീവിതവും തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി എട്ടിന് ഈ പട്ടികയിലെ സിനിമകളെ ഉൾപ്പെടുത്തി നോമിനേഷനായുള്ള വോട്ടിംഗ് ആരംഭിക്കും. ജനുവരി 17ന് ഓസ്കർ നോമിനേഷൻസ് പ്രഖ്യാപിക്കും.
207 സിനിമകളിൽ നിന്നും വോട്ടിംഗിലൂടെ തിരഞ്ഞെടുക്കുപ്പെടുന്ന പത്ത് സിനിമകളാണ് മികച്ച ചിത്രത്തിനായുള്ള ഓസ്കർ നോമിനേഷനിലേക്കു പരിഗണിക്കപ്പെടുന്നത്. മാത്രമല്ല ഈ വിഭാഗത്തിൽ പ്രഥമ പരിഗണനപ്പട്ടികയിൽ തിരഞ്ഞെടുക്കപ്പെടുന്നതു തന്നെ ആടുജീവിതത്തെ സംബന്ധിച്ചടത്തോളം അഭിമാനകരമായ നേട്ടമാണ്. പൊതുവായ പ്രവേശനത്തിനപ്പുറം അധിക യോഗ്യതാ ആവശ്യകതൾ കൂടി പരിഗണിച്ചതിനു ശേഷമാണ് പ്രഥമ പരിഗണനപ്പട്ടികയിൽ ഒരു സിനിമയ്ക്ക് ഇടംപിടിക്കാനാകൂ.
97-ാമത് അക്കാദമി അവാർഡുകൾക്കുള്ള മികച്ച ചിത്രത്തിനുള്ള പരിഗണിക്കപ്പെടുന്നതിന്, സിനിമകൾ പൊതു പ്രവേശനത്തിന് യോഗ്യമായിരിക്കണം കൂടാതെ ഒരു രഹസ്യാത്മക അക്കാദമി റെപ്രസന്റേഷൻ ആൻഡ് ഇൻക്ലൂഷൻ സ്റ്റാൻഡേർഡ്സ് (RAISE) എൻട്രി ഫോം സമർപ്പിച്ചിരിക്കണം. തിയറ്റർ യോഗ്യതാ ആവശ്യകതയ്ക്ക് പുറമേ ആവശ്യമായ നാല് മാനദണ്ഡങ്ങളിൽ രണ്ടെണ്ണം അവർ പാലിച്ചിരിക്കണം.
കഴിഞ്ഞ വർഷം 265 സിനിമകളായിരുന്നു മികച്ച ചിത്രത്തിനായുള്ള പ്രഥമ പരിഗണനപ്പട്ടികയിൽ ഇടംപിടിച്ചത്.
നേരത്തെ അക്കാദമി പുറത്തിറക്കിയ ഓസ്കർ ഷോർട്ട്ലിസ്റ്റിൽ വിദേശ ചിത്രത്തിനുള്ള മത്സര വിഭാഗത്തിൽ ആടുജീവിതത്തിനും ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘ലാപതാ ലേഡീസിനും ഇടംനേടാനായിരുന്നില്ല. യുകെയുടെ ഔദ്യോഗിക എന്‍ട്രിയായ ഹിന്ദി ചിത്രം ‘സന്തോഷ്’ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. അതേസമയം ഗുനീത് മോങ്ക നിര്‍മിച്ച ‘അനുജ’ ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തിൽ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുനീത് മോങ്കയുടെ നിര്‍മാണത്തില്‍ ഇതിനു മുമ്പ് നിർമിച്ച രണ്ട് ഡോക്യുമെന്ററികൾ ഓസ്കര് പുരസ്കാരം നേടിയിരുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 സിനിമകളാണ് ഓസ്കർ ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെട്ട സിനിമകൾ. വിദേശ ചിത്രങ്ങൾ കൂടാതെ, ഡോക്യുമെന്ററി ഷോർട്ട് ഫിലിം, മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ്, മ്യൂസിക് ഒറിജിനൽ സ്കോർ തുടങ്ങി പത്ത് വിഭാഗങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ ചുരുക്കപ്പട്ടികയും അക്കാദമി പുറത്തുവിട്ടു.
മികച്ച ഒറിജിനല്‍ ഗാനത്തിനും മികച്ച ഒറിജിനല്‍ സ്കോറിനുമുള്ള ഓസ്കര് പുരസ്കാരത്തിന്റെ പ്രാഥമിക പട്ടികയിൽ ഇടംനേടിയ ബ്ലെസിയുടെ ആടുജീവിതവും ഒരു വിഭാഗത്തിലും ഇടംപിടിച്ചില്ല. മാർച്ച് രണ്ടിനാകും ഓസ്കർ പ്രഖ്യാപനം.