കേരളത്തിലെ ഇൻഫ്ലുവൻസേഴ്സ് അണിനിരക്കുന്ന ചിത്രം; നിർമാണം റാഫേൽ പ്രൊഡക്ഷൻസ്
Tuesday, January 7, 2025 12:06 PM IST
മലയാള സിനിമാ ലോകത്ത് പുതിയ ചലനങ്ങൾ സൃഷ്ടിക്കുന്ന ഒരു വമ്പൻ പ്രഖ്യാപനവുമായി റഫേൽ ഫിലിം പ്രൊഡക്ഷൻസ് എത്തുന്നു. കേരളത്തിലെ ഇൻഫ്ലുവൻസേഴ്സ്, കണ്ടൻറ് ക്രിയേറ്റേഴ്സ്, വ്ലോഗേഴ്സ് എന്നിവരെ ഉൾപ്പെടുത്തി ഗംഭീര താരനിരയോടെ ഒരുങ്ങുന്ന സിനിമയുടെ സംവിധാനം വിനു വിജയ് നിർവഹിക്കുന്നു.
ആശാ ശരത്, ഗുരു സോമസുന്ദരം, അൽത്താഫ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഇന്ദിര എന്ന സിനിമയുടെ സംവിധായകൻ കൂടിയാണ് വിനു വിജയ്.
കണ്ടൻറ് ക്രിയേറ്റേഴ്സ്, ബ്ലോഗേഴ്സ് തുടങ്ങിയവരുടെ വലിയ താരനിര പങ്കെടുക്കുന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കേരളത്തിലെ സോഷ്യൽ മീഡിയ ഭൂപടത്തിൽ വലിയ സ്വാധീനമുള്ളവരെ ഒന്നിപ്പിച്ചുകൊണ്ട് ഒരുക്കുന്ന ഈ സിനിമ കേരളത്തിലെ പ്രേക്ഷകർക്കിടയിൽ പ്രതീക്ഷകളുടെ കുതിപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഫെബ്രുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം വൻ ബജറ്റ് സ്പോർട്സ് മൂവിയായിരിക്കുമെന്നു നിർമാതാക്കൾ വ്യക്തമാക്കി. ക്രിക്കറ്റ് കളിയുടെ ആവേശം, ഒരു ടീമിന്റെ പ്രതീക്ഷകൾ, ജീവിതത്തിന്റെയും ഫലിതത്തിന്റെയും സന്ദേശങ്ങൾ എന്നിവയെ മുൻനിർത്തി ഒരുങ്ങുന്ന സിനിമ പ്രേക്ഷകർക്കൊരു പുതിയ അനുഭവമായിരിക്കും.
റഫേൽ ഫിലിം പ്രൊഡക്ഷൻസിന്റെയും കേരള ഇൻഫ്ലുവൻസേഴ്സ് കമ്മ്യൂണിറ്റിയുടെയും ഈ സംരംഭം മലയാള സിനിമയുടെ പരിഷ്കാരത്തിൽ മറ്റൊരു നാഴികക്കല്ലായിരിക്കുമെന്ന് ഉറപ്പാണ്. പി ആർ ഓ- മഞ്ജു ഗോപിനാഥ്.