അഞ്ചു കോടി നല്‍കണം, നയന്‍താരയ്ക്ക് വീണ്ടും നോട്ടീസ്; നിയമനടപടിയുമായി ചന്ദ്രമുഖി നിര്‍മാതാക്കള്‍
Tuesday, January 7, 2025 11:43 AM IST
വിവാഹ ഡോക്യുമെന്ററി വിവാദവുമായി ബന്ധപ്പെട്ട് നടി നയന്‍താരയ്ക്ക് വീണ്ടും നോട്ടീസ്. ധനുഷിന്റെ കമ്പനിക്ക് പിന്നാലെ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കളും നയന്‍താരയ്ക്ക് നോട്ടീസ് അയച്ചതായാണ് റിപ്പോര്‍ട്ട്.
തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ നയന്‍താരയുടെ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചുവെന്നാണ് നോട്ടീസില്‍ പറയുന്നത്. നെറ്റ്ഫ്ലിക്സിനും നോട്ടീസ് അയച്ചിട്ടുണ്ട്.
2005ല്‍ പുറത്തിറങ്ങിയ ചന്ദ്രമുഖി എന്ന ചിത്രത്തില്‍ രജനീകാന്തായിരുന്നു നായകന്. ശിവാജി പ്രൊഡക്ഷന്‍സ് ആയിരുന്നു നിര്‍മാതാക്കള്‍. ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ നയന്‍താരയുടെ 'നയന്‍താര; ബിയോണ്ട് ദി ഫെയറിടെയ്ല്‍' എന്ന വിവാഹ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിരുന്നു. നവംബര്‍ 18നാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്.