സോഷ്യൽ മീഡിയ അധിക്ഷേപം: നടി ഹണി റോസിന്റെ പരാതിയിൽ ആദ്യ അറസ്റ്റ് കൊച്ചിയിൽ
Monday, January 6, 2025 10:40 AM IST
ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ഒരാൾ അറസ്റ്റിൽ. കൊച്ചി കുമ്പളം സ്വദേശി ഷാജി എന്നയാളാണ് അറസ്റ്റിലായത്. പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. സെൻട്രൽ പോലീസ് സ്റ്റേഷനിലെത്തിച്ച ഇയാൾക്കെതിരേ ജാമ്യമില്ലാ വകുപ്പുകളും ഐടി ആക്ടും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ചുമത്തുമെന്നാണ് വിവരം.
ഒരു വ്യക്തി തുടര്‍ച്ചയായി തന്നെ വേദികളില്‍ ദ്വയാര്‍ഥ പ്രയോഗം നടത്തി അപമാനിക്കുന്നുവെന്ന് ഞായറാഴ്ച ഹണി റോസ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരുന്നു. അതിലാണ് ചിലര്‍ സ്ത്രീവിരുദ്ധ കമന്റുകളുമായെത്തിയത്. ഇതിനു പിന്നാലെ ഹണി റോസ് നേരിട്ടെത്തി സെന്‍ട്രല്‍ എസിപി സി. ജയകുമാറിന് പരാതി നല്‍കുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടെന്നായിരുന്നു ഹണി റോസിന്റെ പരാതി. ഇത് പ്രകാരം 30 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പോലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്.
അശ്ലീല കമന്റുകളിട്ടവരെ രാത്രി തന്നെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിൽ നിന്ന് ഇവരുടെ ലൊക്കേഷനും ഫോൺ നമ്പരും ശേഖരിച്ചാണ് പോലീസ് ഇവരെ തിരിച്ചറിഞ്ഞത്. തുടർന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷൻ കണ്ടെത്തി അറസ്റ്റ് നടത്തിയത്.