വയലൻസുമായി വന്ന് 100 കോടി ക്ലബ്ബിൽ കയറി മാർക്കോ; റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ഉണ്ണി മുകുന്ദൻ ചിത്രം
Monday, January 6, 2025 9:48 AM IST
നൂറ് കോടി ക്ലബിൽ ഇടം നേടി ഉണ്ണി മുകുന്ദൻ–ഹനീഫ് അദേനി ചിത്രം ‘മാർക്കോ’. ആഗോള കളക്ഷനിലാണ് ചിത്രം നൂറ് കോടി കൊയ്തത്. നൂറ് കോടി ക്ലബിലെത്തുന്ന ഉണ്ണി മുകുന്ദന്റെ രണ്ടാം ചിത്രമാണ് മാർക്കോ. 2022ൽ പുറത്തിറങ്ങിയ മാളികപ്പുറം ആയിരുന്നു ആദ്യത്തേത്. റിലീസ് ചെയ്ത മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം നിറഞ്ഞ സദസിൽ ചിത്രം പ്രദർശനം തുടരുകയാണ്.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്റ് ചിത്രമായ 'മാർക്കോ'യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്.
ചിത്രം വിതരണത്തിനെത്തിക്കുന്നതും ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് തന്നെയാണ്. നിർമിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നിർമാണ കമ്പനി കൂടിയായി മാറിയിരിക്കുകയാണ് ഇതോടെ ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്.
മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ആക്ഷന് വലിയ പ്രാധാന്യം നല്കി സംവിധായകൻ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള് ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സ്റ്റണാണ്.
കെ.ജി.എഫ്, സലാർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.
മലയാളത്തിലെ ഏറ്റവും വലിയ മാസീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തിയ ചിത്രം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ആദ്യ നിർമാണ സംരംഭമാണ്. മിഖായേൽ സിനിമയുടെ സ്പിൻഓഫായെത്തുന്ന മാർക്കോയുടെ നിർമാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്.