അണിയറക്കാർക്കൊപ്പം ഓളം പിടിച്ച് പൊട്ടിച്ചിരിച്ച് മോഹൻലാൽ; തുടരും പിന്നാമ്പുറകാഴ്ചകൾ
Saturday, January 4, 2025 11:11 AM IST
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ പിന്നാമ്പുറകാഴ്ചകൾ പുറത്തിറക്കി. ഹാപ്പി ക്രൂ, ബെറ്റർ സ്റ്റോറീസ് എന്നാണ് പിന്നാമ്പുറകാഴ്ചകൾക്ക് പേരിട്ടിരിക്കുന്നത്. തുടരും എന്നാണ് ചിത്രത്തിന്റെ പേര്.
ശക്തമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരനിരയും അണിനിരക്കുന്നുണ്ട്. ദീർഘകാലത്തിന് ശേഷം ശോഭന മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. ഫാമിലി ഡ്രാമ ജോണറിലുള്ള ഈ ചിത്രം വൻ മുതൽമുടക്കിലാണ് ചിത്രീകരിച്ചത്.
ഷണ്മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുട്ടംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ. ഇദ്ദേഹത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
നീണ്ട ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്. സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.
ഛായാഗ്രഹണം. ഷാജികുമാർ, എഡിറ്റിംഗ് -നിഷാദ് യൂസഫ്, ഷഫീഖ്, സംഗീതം ജയ്ക്സ് ബിജോയ്.
സൗണ്ട് ഡിസൈൻ - വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ - സമീര സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൺ പോടുത്താസ്, പിആർഒ - വാഴൂർ ജോസ്.