ഉമ തോമസിനെ ഒന്നു കാണാൻ പോലും അവർ തയ്യാറായില്ല; ദിവ്യ ഉണ്ണിയെ വിമർശിച്ച് ഗായത്രി വർഷ
Saturday, January 4, 2025 10:57 AM IST
ദിവ്യ ഉണ്ണിക്കെതിരെ രൂക്ഷ വിമർശവുമായി നടി ഗായത്രി വർഷ. കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എംഎൽഎ ഉമാ തോമസിനെ കാണാൻ ദിവ്യ ഉണ്ണി തയ്യാറായില്ലെന്ന് ഗായത്രി വർഷ വിമർശിച്ചു.
സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ പോലും ദിവ്യക്ക് മനസുണ്ടായില്ല. മാധ്യമങ്ങൾ ആദ്യഘട്ടത്തിൽ സംഘാടകരുടെ പേര് മറച്ചുവച്ചു. കലാ പ്രവർത്തനങ്ങൾ കച്ചവട മാധ്യമങ്ങളായി മാറി.
അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന ഗിന്നസ് പരിപാടി. ഇതിനോട് കേരളീയ സമൂഹവും, സോഷ്യൽ മീഡിയ സമൂഹവും മൗനം പാലിച്ചു. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവർത്തനത്തിന്റെ ഇരയായെന്നും ഗായത്രി വിമർശിച്ചു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തിലാണ് വിമർശനം.
അതേസമയം സംഭവത്തിന് ശേഷം ദിവ്യ ഉണ്ണി അമേരിക്കയിലേയ്ക്ക് പോയി. പരിക്കേറ്റ ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുകയാണ്. എംഎൽഎയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.