അന്നുമുതൽ ഇന്നുവരെ; സത്യൻ അന്തിക്കാടിന് എന്നും ചെറുപ്പം
Friday, January 3, 2025 3:13 PM IST
ഒരു സത്യൻ അന്തിക്കാട് ചിത്രമെന്നാൽ പ്രേക്ഷകർക്ക് ഉറപ്പായും അത് തിയറ്ററിൽ പോയിക്കാണാം. പഴയ കാലത്തിന്റെ സൗന്ദര്യം ഒന്നൂടി കാണണമെന്ന് തോന്നിയാൽ സത്യൻ ചിത്രങ്ങളിലൂടെ ഒന്നു പോയിവന്നാൽ മതി. ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകൾ സമ്മാനിച്ച ചിത്രങ്ങളുടെ അമരക്കാരന് ഇന്ന് എഴുപതാം പിറന്നാളാണ്.
മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത് ജീവഗന്ധിയായ നിരവധി ചിത്രങ്ങൾ തന്ന അദ്ദേഹത്തിന് ഇപ്പോഴും എഴുപതിന്റെ ചെറുപ്പമാണെന്ന് വേണം പറയാൻ. ജീവിതത്തിലെ പല വിഷമഘട്ടങ്ങളെയും നർമത്തിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.
1982ൽ പുറത്തിറങ്ങിയ കുറുക്കന്റെ കല്യാണം മുതൽ അണിയറിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം ഹൃദയപൂർവം വരെ നീളുന്നു ആ സിനിമകളുടെ നിര. എല്ലാചിത്രങ്ങളും ഒന്നിനൊന്ന് മെച്ചം എന്നു മാത്രമേ പറയാൻ കഴിയൂ.
ഇന്നസെന്റ്, നെടുമുടി വേണു, ശ്രീനിവാസൻ, കെപിഎസി ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ, ശങ്കരാടി തുടങ്ങിയവർ സത്യന്റെ സിനിമകളിലെ സ്ഥിരം അഭിനേതാക്കൾ ആയിരുന്നു. സത്യൻ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ നായകൻമാരായത് മോഹൻലാലും ജയറാമുമാണ്.
1954 ഡിസംബർ മൂന്നിന് തൃശൂർ ജില്ലയിലെ അന്തിക്കാട് ഗ്രാമത്തിലായിരുന്നു ഈ മഹാപ്രതിഭയുടെ ജനനം. 1973-ൽ രേഖ സിനി ആർട്സിന്റെ സഹസംവിധായകനായി അദ്ദേഹം മലയാള സിനിമയിൽ എത്തി.
സ്വതന്ത്ര സംവിധായകനാകുന്നത് 1981-ൽ ചമയം എന്ന ചിത്രത്തിലൂടെയാണ്. എന്നാൽ ആ സിനിമ ആ സിനിമ റിലീസായില്ല. ഒരു മികച്ച ഗാനരചയിതാവ് എന്ന നിലയിലായിരുന്നു അദ്ദേഹം പ്രശസ്തനാണ്. നിമ്മിയാണ് ഭാര്യ. അരുൺ സത്യൻ, അനൂപ് സത്യൻ, അഖിൽ സത്യൻ എന്നിവരാണ് മക്കൾ. ഇതിൽ അനൂപും അഖിലും അച്ഛന്റെ പാതയിൽ സംവിധാനരംഗത്ത് പ്രശസ്തരായിക്കഴിഞ്ഞു.