അനിൽ പനച്ചൂരാന്റെ ഓർമകൾക്ക് നാലു വയസ്
നൗഷാദ് മാങ്കാംകുഴി
Friday, January 3, 2025 1:24 PM IST
കവിതകളും ഗാനങ്ങളും ബാക്കിയാക്കി അനിൽ പനച്ചൂരാൻ ഓർമയായിട്ട് നാലു വർഷം. കായംകുളം പുതുപ്പള്ളിയിലെ വാരണപ്പള്ളി പനച്ചൂർ തറവാട്ടില സ്മൃതി മണ്ഡപത്തിൽ ബന്ധുക്കളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും ഇന്ന് പുഷ്പാർച്ചന നടത്തും. കായംകുളം പുതുപ്പള്ളി പനച്ചൂർ വീട്ടിൽ നടക്കുന്ന അനുസ്മരണ സമ്മേളനം അഡ്വ. യു.പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്യും. ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.പവനനാഥൻ അധ്യക്ഷത വഹിക്കും. ഗാന രചയിതാവ് രാജീവ് ആലുങ്കൽ മുഖ്യ പ്രഭാഷണം നടത്തും.
അനേകം കവിതകളും ജനപ്രിയസിനിമാഗാനങ്ങളും രചിച്ച അനിൽ പനച്ചൂരാൻ കാട് എന്നു പേരിട്ടിരുന്ന സിനിമയുടെ തിരക്കഥ പൂർത്താക്കി അത് സംവിധാനം ചെയ്യാനുള്ള പരിശ്രമത്തിനിടയിലാണ് 2021 ജനുവരി 3 ന് വിടപറഞ്ഞത്. ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥയിലെ ഗാനങ്ങളിലൂടെയാണ് സിനിമാ ലോകത്ത് പനച്ചൂരാൻ ശ്രദ്ധേയനായത്. ഇതിൽ ചോര വീണ മണ്ണിൽ നിന്ന് ഉയർന്നുവന്ന പൂമരം എന്ന വിപ്ലവ ഗാനം സൂപ്പർഹിറ്റായി.
മകൾക്ക് എന്ന സിനിമയിൽ അനാഥൻ എന്ന കവിതയിലെ ഇടവമാസപ്പെരുമഴ പെയ്ത രാവിൽ.... എന്ന കവിതയും സിനിമയിൽ ഇടം പിടിച്ചിരുന്നു. പിന്നെ സിനിമയിൽ പനച്ചൂരാൻ ഹിറ്റുകളുടെ പെരുമഴ തീർത്തു. കഥപറയുമ്പോൾ സിനിമയിലെ വ്യത്യസ്തനാം ഒരു ബാർബറാം ബാലനെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല... ഈ ഗാനം തുടക്കപാടിയും പനച്ചൂരാൻ വ്യത്യസ്തനായി.
അണ്ണാറക്കണ്ണാ വാ, എന്റമ്മേടെ ജിമിക്കി കമ്മൽ തുടങ്ങിയ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ ജനകീയനായി. വലയിൽ വീണ കിളികൾ, പ്രണയകാലം, അനാഥൻ,ഒരു മഴപെയ്തെങ്കിൽ, കർണ്ണൻ തുടങ്ങിയ ഹിറ്റ് കവിതകളും രചിച്ചു. ഓണാട്ടുകരയിലെ സാംസ്ക്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റെ വേർപാട് ഇന്നും വലിയ ശൂന്യതയാണ്.
പനച്ചൂരാന് കായംകുളത്ത് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും ഇന്നും നടപടികൾ ആയിട്ടില്ല. ജീവിതസഖി മായ പനച്ചൂരാൻ നൃത്ത വിദ്യാലയങ്ങളിൽ അധ്യാപികയാണ്. മക്കൾ മൈത്രേയി, അരുൾ.