ഞങ്ങള്‍ നിസഹായരാണ്, നിങ്ങള്‍ക്ക് മാത്രമാണ് ഇതു തടയാനാവുക: അഭ്യർഥിച്ച് ഉണ്ണി മുകുന്ദൻ
Thursday, January 2, 2025 1:05 PM IST
തിയറ്ററുകളിൽ പ്രദർശനം തുടരുന്ന മാർക്കോ സിനിമയുടെ എച്ച്ഡി പതിപ്പ് ലീക്ക് ആയ സംഭവത്തിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ. ഈ വിഷയത്തിൽ തങ്ങൾ നിസഹായരാണെന്ന് ഉണ്ണി പറയുന്നു.
‘‘ദയവായി സിനിമകളുടെ വ്യാജ പതിപ്പുകള്‍ കാണാതിരിക്കൂ. ഞങ്ങള്‍ നിസഹായരാണ്. എനിക്ക് നിസഹായത തോന്നുന്നു. നിങ്ങള്‍ക്ക് മാത്രമാണ് ഇത് തടയാനാവുക. ഓണ്‍ലൈനില്‍ എത്തുന്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്യാതിരിക്കുന്നതിലൂടെ. ഇതൊരു അപേക്ഷയാണ്’’ഉണ്ണി മുകുന്ദന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മാർക്കോയ്ക്കും അണിയറ പ്രവർത്തകർക്കും പിന്തുണ അർപ്പിച്ച് പൃഥ്വിരാജ് സുകുമാരൻ അടക്കമുള്ളവർ രംഗത്തുവന്നു. സിനിമയുടെ ഹിന്ദി ഡബ്ബ്ഡ് വേർഷന്റെ എച്ച്ഡി പതിപ്പാണ് ഓൺലൈനിലൂടെ പുറത്തുവന്നത്. ഫെയ്സ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ സിനിമയുടെ വിവിധ രംഗങ്ങൾ പ്രചരിക്കുന്നുണ്ട്.
അതേസമയം ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ റിലീസ് ജനുവരി ഒന്നിന് റിലീസ് ചെയ്തു. മുന്നൂറ് തിയറ്ററുകളിലാണ് തെലുങ്ക് പതിപ്പ് റിലീസിനെത്തിയത് ആന്ധ്രയിലും തെലുങ്കാനയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ആദ്യ ദിനം ലഭിച്ചത്.
തെലുങ്ക് പ്രേക്ഷകരുടെ ഇഷ്ടം നേടാനായാല്‍ ബോക്സ് ഓഫിസില്‍ ഇനിയും കാര്യമായ മുന്നേറ്റം നടത്താനാവും ചിത്രത്തിന്. ഒപ്പം ചിത്രത്തിന്റെ തമിഴ് പതിപ്പ് ജനുവരി മൂന്നിന് തിയറ്ററുകളില്‍ എത്തുന്നുണ്ട്.